ബംഗളൂരു: കർണാടകയിൽ ജിയോളജിസ്റ്റായ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ വസതിയിൽ വച്ചാണ് പ്രതിമ കുത്തേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കർണാടക ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ വീട്ടിൽ തനിച്ചായ സമയത്താണ് ആക്രമിക്കപ്പെട്ടത്. ഭർത്താവ് ജന്മനാടായ തീർത്ഥഹള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. അക്രമത്തിന് പിന്നിൽ ഒരാളാണോ ഒന്നിലധികം പേരുണ്ടായിരുന്നോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല. കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു.

ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരൻ വീട്ടിലെത്തി. അപ്പോഴാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിലെ സുബ്രഹ്‌മണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അനധികൃത ഖനനത്തിൽ ഉൾപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജിയോളജിസ്റ്റിന്റെ കൊലയ്ക്ക് പിന്നിൽ ഖനന മാഫിയ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വീട്ടിൽ പ്രതിമ തനിച്ചാണെന്ന് അറിയുന്ന പരിചയക്കാർ ആരെങ്കിലുമാവും കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്.

ജോലിക്ക് ശേഷം രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിലാക്കി. എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭർത്താവും മകനും സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ എട്ട് വർഷമായി പ്രതിമ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്നയാളാണെന്നും അയൽവാസികൾ പറഞ്ഞു.

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്നാണ് രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്. ഇദ്ദേഹം തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.