- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവൻ എന്നാണ് വിശേഷിപ്പിച്ചത്; അവരെ വെറുതെ വിടില്ല'; റേവ് പാർട്ടിക്ക് പാമ്പിൻ വിഷം എത്തിച്ചെന്ന ആരോപണത്തിൽ മനേക ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് യൂട്ഊബർ
ന്യൂഡൽഹി: നോയിഡയിലെ നിശാ പാർട്ടികളിൽ പാമ്പിന്റെ വിഷം വിതരണം ചെയ്തെന്ന മനേക ഗാന്ധിയുടെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി യൂട്ഊബർ എൽവിഷ് യാദവ്. മനേകയുടെ പരാമർശം പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞാണ് എൽവിഷ് രംഗത്തെത്തിയത്. മനേക ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും എൽവിഷ് അറിയിച്ചു. പാമ്പുകളെ വിതരണം ചെയ്യുന്നവരുടെ തലവൻ എന്നാണ് മനേക തന്നെ വിശേഷിപ്പിച്ചത്. അവരെ വെറുതെ വിടില്ല. മുൻപ് പലരും എന്തെങ്കിലുമൊക്കെ പറയുമായിരുന്നെങ്കിലും പ്രതികരിച്ച് സമയം കളയേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ മനേകയുടെ പരാമർശം തന്നെ കരിയറിനെ ബാധിച്ചെന്നും എൽവിഷ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസമായി വാർത്തകളിൽ തുടർച്ചയായി ഇടംപിടിക്കുകയാണ് ബിഗ് ബോസ് ജേതാവും യൂട്യൂബറുമായ എൽവിഷ് യാദവ്. ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന റേവ് പാർട്ടികളിൽ ലഹരി വസ്തുവായി പാമ്പിൻ വിഷം എത്തിക്കുന്നത് എൽവിഷ് ആണെന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയുടെ ആരോപണമാണ് എല്ലാത്തിന്റെയും തുടക്കം.
ഗുരുഗ്രാം സ്വദേശിയായ എൽവിഷിനെതിരെ കഴിഞ്ഞദിവസമാണ് ആരോപണം ഉയർന്നത്. പാമ്പിൻ വിഷവും പാമ്പുകളുമായി ലഹരി പാർട്ടി നടത്തിയെന്നായിരുന്നു മൃഗസംരക്ഷണ എൻജിഒയുടെ ആരോപണം. പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാമ്പിൻ വിഷവും പാമ്പുകളെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.
എൽവിഷ് യാദവ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഷൂട്ട് ചെയ്യാൻ പാമ്പുകളെ ഉപയോഗിച്ചു. റേവ് പാർട്ടികളിൽ പങ്കെടുത്തവരാണ് പാമ്പിന്റെ വിഷം എടുത്തതെന്നും വിദേശ പൗരന്മാരും പാർട്ടിയിൽ പങ്കെടുത്തു. പ്രതികളിൽ നിന്ന് കണ്ടെടുത്ത പാമ്പുകളെ വനം വകുപ്പിന് കൈമാറിയതായും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ എൽവിഷ് അടക്കം എട്ടു പേർക്കെതിരെ നോയിഡ പൊലീസ് കേസെടുത്തിരുന്നു. വന്യജീവി സംരക്ഷണം നിയമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തത്.
പിന്നാലെ ആരോപണങ്ങളെ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. പൊലീസിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടികൾ നേരിടാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞിരുന്നു. ആരോപിക്കപ്പെട്ട നിശാ പാർട്ടികളുമായി തനിക്ക് ബന്ധവുമില്ലെന്നും എൽവിഷ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാജസ്ഥാനിലെ കോട്ടയിൽ വച്ച് എൽവിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
തന്റെ വ്ലോഗിലൂടെയാണ് മനേകയ്ക്കെതിരെ മാനനഷ്ടക്കേസിന് ഒരുങ്ങുന്ന വിവരം എൽവിഷ് യാദവ് അറിയിച്ചത്. മനേകയുടെ ആരോപണം തന്റെ നല്ല പേരിന് കളങ്കമുണ്ടാക്കിയതായും യഥാർത്ഥ വസ്തുത വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
''മനേകാ ഗാന്ധി എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചു. എന്നെ പാമ്പുകളെ വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനെന്നാണ് വിശേഷിപ്പിച്ചത്. ഞാൻ അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്. അവരെ വെറുതെവിടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളാലോചിച്ച് സമയം കളയേണ്ടെന്ന് മുമ്പ് കരുതിയിരുന്നു. പക്ഷേ ഇപ്പോൾ എന്റെ നല്ല പേരിന് കളങ്കമുണ്ടായിരിക്കുന്നു.'' എൽവിഷ് വ്ലോഗിൽ പറഞ്ഞു.
''ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നവർ ഇതിന്റെ അടിസ്ഥാനത്തിൽ എന്നെ വിലയിരുത്തരുത്. കാത്തിരിക്കൂ. പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വീഡിയോയും ഞാൻ ഷെയർ ചെയ്യും. ഞാൻ എല്ലാം കാണിച്ചു തരാം. ഞാൻ ഇത് പറയുന്നത് വളരെ ആത്മവിശ്വാസത്തോടെയാണ്. ഈ കേസിൽ എൽവിഷ് യാദവിന് പങ്കില്ലെന്ന വാർത്താക്കുറിപ്പും പുറത്തിറങ്ങും. ദയവായി അത് കാണുക, അതും പങ്കുവെയ്ക്കുക,'' യാദവ് കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുമ്പാണ് ഉത്തർപ്രദേശിലെ നോയിഡയിൽ റേവ് പാർട്ടിയിൽ വിഷപ്പാമ്പുകളും പാമ്പിൻ വിഷവും വിതരണം ചെയ്ത സംഭവത്തിൽ എൽവിഷ് യാദവ് അടക്കം ആറുപേർക്കെതിരെ കേസെടുത്തത്. എൽവിഷ് യാദവാണ് റേവ് പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ എൽവിഷ് ഒഴികെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ അനിമൽ (പി.എഫ്.എ.) എന്ന എൻ.ജി.ഒ. നൽകിയ പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടർ ഒന്നിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിലേക്ക് പൊലീസ് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ