- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയിൽ നിന്നും പിരിട്ടുവിട്ടത് പ്രകോപനമായി; ഖനി വകുപ്പ് വനിതാ ഡെപ്യൂട്ടി ഡയറക്ടറെ കഴുത്തറുത്തു കൊലപ്പെടുത്തിയ മുൻഡ്രൈവർ അറസ്റ്റിൽ; പ്രതി കുറ്റസമ്മതം നടത്തിയതായി ബെംഗളൂരു പൊലീസ്
ബെംഗളൂരു: കർണാടക ഖനി വകുപ്പ് വനിതാ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.പ്രതിമ (45) വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ ഡ്രൈവർ കിരൺ അറസ്റ്റിൽ. ബെംഗളൂരു പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഒരാഴ്ച മുൻപ് ജോലിയിൽ നിന്നും പിരിച്ചുവിട്ട ഡ്രൈവർ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷമായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിരൺ. കൊലപാതകത്തിന് ശേഷം ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലേക്ക് ഇയാൾ കടന്നുകളഞ്ഞിരുന്നു.
മുൻ കാർഡ്രൈവറായിരുന്ന കിരണുമായി പ്രതിമയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്നവിവരം. ഇതേത്തുടർന്ന് ഒരാഴ്ച മുൻപ് കിരണിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പകരം പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.
കിരണിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നിൽ മുൻഡ്രൈവറാണെന്ന വിവരം ലഭിച്ചത്. അതേസമയം, ഇതേക്കുറിച്ച് പൊലീസ് ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ, ശനിയാഴ്ച വൈകിട്ട് 6 മണി വരെ പ്രതിമ ഓഫിസിലുണ്ടായിരുന്നുവെന്നും അതിനുശേഷം രാത്രി 8 മണിയോടെ കിരണിന് പകരം നിയമിച്ച ഡ്രൈവറാണ് പ്രതിമയെ അപ്പാർട്‌മെന്റിൽ കൊണ്ടാക്കിയതെന്നും കണ്ടെത്തിയിരുന്നു. അന്ന് രാത്രിയാണ് പ്രതിമ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8 നും ഞായറാഴ്ച രാവിലെ 8 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ദൊഡ്ഡക്കല്ലസന്ദ്രയിലെ അപ്പാർട്‌മെന്റിലാണ് കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ പ്രതിമയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഓഫിസിൽ നിന്ന് എത്തിയ പ്രതിമയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ രാവിലെ അപ്പാർട്‌മെന്റിലെത്തിയ സഹോദരനാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. അഞ്ച് വർഷമായി ഇതേ അപ്പാർട്‌മെന്റിൽ ഒറ്റയ്ക്കു താമസിക്കുകയാണ് പ്രതിമ. ഇവരുടെ ഭർത്താവും മകനും ശിവമോഗ ജില്ലയിലാണ്. 12 വയസ്സുള്ള ഒരുമകനുണ്ട്.
ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്തുകൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിമയെ ഫോണിൽവിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മുതിർന്ന സഹോദരൻ അന്വേഷിച്ചുചെന്നപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചും കഴുത്തറുത്തുമാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
വിധാൻസൗധയ്ക്ക് സമീപത്തെ വി.വി. ടവറിലാണ് പ്രതിമയുടെ ഓഫീസ്. ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടിൽ തിരിച്ചെത്തിയെന്നും രാത്രി എട്ടിനും ഞായറാഴ്ച രാവിലെ എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. തറയിൽ കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. പ്രാഥമികാന്വേഷണത്തിൽ വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.