- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ള ഇ-മെയിൽ വിലാസത്തിൽ; മുംബൈയിൽ പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഷദാബ് ഖാന്റെ പേരിൽ ഇ-മെയിൽ നിർമ്മിച്ചത് ബി കോം വിദ്യാർത്ഥി
മുബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയുള്ള ഇ മെയിൽ സന്ദേശം വന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷദാബ് ഖാന്റെ പേരുള്ള ഇ-മെയിൽ വിലാസത്തിൽ നിന്നെന്ന് വെളിപ്പെടുത്തി മുംബൈ ക്രൈം ബ്രാഞ്ച്. കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിക്ക്, ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയുള്ള ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചത്.
20 കോടി രൂപ ആവശ്യപ്പെട്ടുള്ള ആദ്യ ഇ-മെയിൽ ലഭിച്ചു. തുടർന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 27ന് മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയിൽ സന്ദേശം ലഭിച്ചു. തുടർന്ന് 400 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമത്തെ ഇ-മെയിൽ സന്ദേശവും ലഭിച്ചു.
വൻതുക നൽകിയില്ലെങ്കിൽ വധിക്കുമെന്ന് വ്യക്തമാക്കി ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇ മെയിലുകളാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ രാജ്വീർ കാന്തെന്ന ബി കോം വിദ്യാർത്ഥിയാണ് വൻതുക ആവശ്യപ്പെട്ട് വധഭീഷണി മെയിലുകൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.
shadabhkhan@mailfence എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നായിരുന്നു മുകേഷ് അംബാനിക്ക് വധഭീഷണികൾ വന്നത്. മുംബൈയിൽ പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം നടക്കുന്നതിനിടെയാണ് രാജ്വീർ കാന്ത് ഈ ഇ-മെയിൽ വിലാസം ഉണ്ടാക്കിയതെന്ന് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ശനിയാഴ്ചയാണ് രാജ്വീർ കാന്തിനെ മുംബൈയിലെ കാലോളിൽ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 27നാണ് രാജ്വീർ കാന്ത് 20 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ആദ്യ മെയിൽ അയച്ചത്. പിന്നീട് 200 കോടി നൽകിയില്ലെങ്കിൽ വധിക്കുമെന്നും അതിനുശേഷം 400 കോടി ആവശ്യപ്പെട്ടും ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇ മെയിലുകൾ അയച്ചു.
അതേസമയം, 500 കോടി രൂപ നൽകിയില്ലെങ്കിൽ അംബാനിയെ വധിക്കുമെന്ന ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ വാറങ്കലിൽ നിന്ന് ഗണേശ് രമേഷ് വനപ്രഥിയെന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഇയാൾ ജി മെയിൽ വിലാസത്തിൽ നിന്നാണ് വധഭീഷണി മെയിൽ അയച്ചത്. ഇയാളെയും മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറി.
400 കോടി നൽകിയില്ലെങ്കിൽ അംബാനിയെ വധിക്കുമെന്ന ഭീഷണിയെക്കുറിച്ചുള്ള വാർത്ത ടെലിവിഷനിൽ കണ്ടതിനുശേഷമാണ് ഇയാൾ 500 കോടി ആവശ്യപ്പെട്ട് ഇ മെയിൽ അയച്ചത്. ഇരുവരെയും കോടതി നാളെ വരെ മുംബൈ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.