മുംബൈ: മൊബൈൽ ആപ്പ് വഴി പണം വാങ്ങി തൽസമയ ലൈംഗിക പ്രദർശനം നടത്തിയ രണ്ട് സ്ത്രീകളടക്കം മൂന്നു പോൺ താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 'പിഹു' എന്ന ആപ്പിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൽസമയ ലൈംഗിക ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ഉപയോക്താക്കളിൽ നിന്ന് 1000 മുതൽ 10,000 രൂപ വരെയാണ് ഈടാക്കുന്നത്.

അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് പിടിയിലായത്. പ്രതിമാസം പണം അടച്ച് അശ്ലീല വീഡിയോസ് കാണാൻ പറ്റുന്ന പിഹു എന്ന ആപ്പിലാണ് ലൈവ് സെക്‌സ് ഷോ നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. .

ഇരുപതും 34 ഉം വയസുള്ള രണ്ട് സ്ത്രീകളും 27 വയസുള്ള ഒരു യുവാവുമാണ് അറസ്റ്റിലായത്. ഇവർ ആപ്പിൽ അശ്ലീല വീഡിയോകൾ അപ്‌ലോഡ് ചെയ്തതായും ലൈവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോസ് ചിത്രീകരിച്ചതായും പൊലീസ് കണ്ടെത്തി. 1000 രൂപ മുതൽ 10000 രൂപവരെ ഈടാക്കിയായിരുന്നു ലൈവ് ഷോകൾ നടത്തിയിരുന്നത്.

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും പ്രായപൂർത്തിയാകാത്തവരുടെ ലൈംഗികദൃശ്യങ്ങൾ വിൽപന നടത്തിയതിനും പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. മൂന്നുപേരും തത്സമയ ലൈംഗിക പ്രദർശനം നടത്തിയ കേസിൽ പ്രതികളാണ്. ഈ മാസം ആപ്പിൽ ഒരു ലൈംഗിക ഷോ നടത്താനും പ്രതികൾക്കു പദ്ധതിയുണ്ടായിരുന്നു. പിഹു ആപ്പിന്റെ ഉടമയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രണ്ടാഴ്ച മുമ്പ് ഇത്തരത്തിൽ വീഡിയോകൾ ചിത്രീകരിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്ധേരി വെസ്റ്റിലെ ഒരു ബംഗ്ലാവിൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ പൊലീസ് റെയ്ഡ് ചെയ്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായവർ വെറും അഭിനേതാക്കൾ മാത്രമാണെന്നും വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന ആപ്പിന്റെ ഉടമകൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ആപ്പിലേക്കുള്ള ക്ഷണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ലൈവ് വീഡിയോ പോകുന്ന സമയം ഇൻസ്റ്റഗ്രാം മെസേജിലൂടെ അറിയിക്കും.

തുടർന്ന് പണമടച്ച് ലൈവ് വീഡിയോ ചിത്രീകരിക്കുന്നത് കാണാൻ അവസരം നൽകും. ഇത്തരത്തിൽ നിരവധി വീഡിയോകൾ ചിത്രീകരിച്ച് ആപ്പിൽ അപ്ലോഡ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

പ്രീമിയം രജിസ്‌ട്രേഷന് 7,500 രൂപ വരെ ആപ്പ് ഈടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലൈവ് സ്ട്രീമുകൾ കാണുന്നതിനും കോളുകൾക്കായും പ്രത്യേകം പണം ഈടാക്കിയാണ് സേവനങ്ങൾ നൽകിയിരുന്നത്. ഡിജിറ്റൽ പണമിടപാടിലൂടെയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 292 പ്രാകാരവും ഐടി ആക്ട് പ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആപ്പ് ഉടമകൾക്കായി അന്വേഷണം തുടരുകയാണ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സ്ത്രീകളെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്തതാണോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.