- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ച് വിവാഹിതരായി; നിരന്തരം ശാരീരിക-മാനസിക പീഡനം; ഭർതൃവീട്ടിൽ 24കാരി മരിച്ച നിലയിൽ; ദുരൂഹത; യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
കോട്ടയം: അതിരമ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിരമ്പുഴ സ്വദേശിനി ഷൈമോൾ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെ നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മകളെ അപായപ്പെടുത്തിയതാണോയെന്ന സംശയത്തെ തുടർന്നാണ് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്.
24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. നാല് വർഷം മുമ്പാണ് ഷൈമോൾ അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനിൽ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച മനം മടുത്ത് ഭർതൃവീട്ടിൽ നിന്ന് ഷൈമോൾ സ്വന്തം വീട്ടിലെത്തി. അന്നാണ് ഭർത്താവ് ഉപദ്രവിക്കുന്ന കാര്യം വീട്ടുകാരോട് വെളിപ്പെടുത്തിയത്. കൂടാതെ ഭർതൃവീട്ടിൽ താമസിക്കാൻ ഭയമാണെന്നും മകൾ പറഞ്ഞിരുന്നതായി ഷീല പറയുന്നു. ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ ഉറപ്പു നൽകിയതോടെയാണ് മടങ്ങി പോയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണിൽ വിളിച്ച ഷൈമോൾ വീണ്ടും അനിലിന്റെ ഉപദ്രവത്തെ കുറിച്ച് പരാതി പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം ഷൈമോളുടെ മരണ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ഷൈമോളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഷൈമോൾ തൂങ്ങി മരിക്കാൻ ശ്രമിച്ച കാര്യം ഭർതൃ വീട്ടുകാർ അറിയിക്കാൻ വൈകിയതിലടക്കം കുടുംബം പരാതിപ്പെട്ടിരുന്നു. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ എന്തെങ്കിലും ജോലി നോക്കി കുട്ടിയെ വളർത്തണമെന്നു തീരുമാനത്തിലായിരുന്നു ഷൈമോൾ. അതിനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം. അതിനാൽ ആത്മഹത്യയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഷൈമോളുടെ വീട്ടുകാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം ചെയ്ത മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.
കോട്ടയം ഡിവൈ.എസ്പി. അനീഷ് കെ.ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ മാരായ ജോസഫ് ജോർജ്, ഷാജിമോൻ, എഎസ്ഐ മാരായ രാധാകൃഷ്ണൻ, ജിഷ, സി.പി.ഓ മാരായ അനീഷ്, സജി, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് അനിൽ വർക്കിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു
മറുനാടന് മലയാളി ബ്യൂറോ