കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. പ്രതിയെ ഇരുസ്ഥലങ്ങളിലുമെത്തിച്ച് ഇന്ന് തെളിവെടുക്കും. നാല് ദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഈ മാസം 15 നാണ് ഡൊമിനിക് മാർട്ടിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്. ഇന്നലെ തൃശൂർ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകൾ പൊലീസ് കണ്ടെടുത്തിരുന്നു. നാലു റിമോർട്ടുകളിൽ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്. സ്‌ഫോടന ശേഷം ബൈക്കിന്റെ അടുത്തെത്തിയ മാർട്ടിൻ ഇവ കവറിൽ പൊതിഞ്ഞ് ബൈക്കിൽ നിക്ഷേപിക്കുകയായിരുന്നു. കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചിട്ടുണ്ട്..

കളമശ്ശേരി സ്‌ഫോടനത്തിന്റെ നിർണായക തെളിവുകൾ ഇന്നലെയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു.

വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം തെളിവെടുപ്പിൽ കണ്ടെത്തിയത്. മാർട്ടിൻ കീഴടങ്ങാനെത്തിയ സ്‌കൂട്ടർ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോൾ സ്‌കൂട്ടറിൽ നിന്ന് നാല് റിമോർട്ടുകൾ മാർട്ടിൻ എടുത്തു നൽകുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോർട്ടുകൾ.

അതേ സമയം കളമശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്‌ന (12) സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മകൻ പ്രവീൺ (24), ഇളയ മകൻ രാഹുൽ (21) എന്നിവരും ചികിത്സയിലുണ്ട്. ഇതിൽ പ്രവീണിന്റെ നില ഗുരുതരമാണ്.

കൺവൻഷൻ ആരംഭിച്ച 27 മുതൽ സാലിയും പ്രവീണും രാഹുലും അവിടെയുണ്ടായിരുന്നു. പാചകത്തൊഴിലാളിയായ പ്രദീപന് ജോലിത്തിരക്കു മൂലം കൺവൻഷനു പോകാൻ കഴിഞ്ഞില്ല. സ്‌ഫോടനം നടന്ന 29നു രാവിലെയും 3 പേരും കൺവൻഷൻ സ്ഥലത്ത് ഒരുമിച്ചു ഫോട്ടോ എടുത്തിരുന്നു. സാലിയും മകളും സ്‌ഫോടനം ഉണ്ടായ സ്ഥലത്തിനടുത്താണ് ഇരുന്നിരുന്നത്.

കളമശേരിയിൽ 'യഹോവയുടെ സാക്ഷികൾ' സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിൽ കഴിഞ്ഞ മാസം 29നാണ് സ്‌ഫോടനം നടന്നത്. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിക്കൽ ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ (53), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61). എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ച മറ്റുള്ളവർ.