- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽനടയാത്രക്കാരന് ബസിടിച്ച് പരിക്കേറ്റത് പ്രകോപനമായി; അക്രമാസക്തരായി ആളുകൾ; ദേഹോപദ്രവം ഭയന്ന് റോഡിലൂടെ ഓടുമ്പോഴും പിന്നാലെയെത്തി; ജീവൻ രക്ഷിക്കാൻ റെയിൽപാളത്തിലേക്ക് ജിജിത്ത് ഓടിക്കയറിയത് പാഞ്ഞെത്തിയ മരണത്തിലേക്ക്
തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരന് ബസിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ആളുകൾ അക്രമാസക്തരായതോടെ ദേഹോപദ്രവം ഭയന്ന് ഓടിയ സ്വകാര്യ ബസിന്റെ ഡ്രൈവർക്ക് ദാരുണാന്ത്യം. ആക്രമണം ഭയന്ന് പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. പന്ന്യന്നൂർ മനേക്കര വായനശാലയ്ക്കു സമീപം പുതിയവീട്ടിൽ കെ.ജിജിത് (45) ആണു മെമു ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം.
വടകര -തലശ്ശേരി റൂട്ടിൽ ഓടുന്ന ഭഗവതി ബസാണ് അപകടത്തിൽപെട്ടത്. വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുകയായിരുന്നു ബസ്. പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്ത് റോഡിൽ കൂടി നടന്നുപോകുകയായിരുന്ന കോളനിയിലെ താമസക്കാരനെ ബസ് ഇടിച്ചു. അപകടത്തിന് പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്തിനെ സമീപത്തെ റെയിൽവേ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.
തലശ്ശേരി-മാഹി ദേശീയപാതയിൽ പെട്ടിപ്പാലം കള്ളുഷാപ്പിന് സമീപമാണ് തലശ്ശേരി-വടകര റൂട്ടിലോടുന്ന ബസ് കാൽനടയാത്രക്കാരനായ മുനീറിനെ ഇടിച്ചത്. മത്സ്യത്തൊഴിലാളിയായ മുനീറിന് ബസിടിച്ച് പരിക്കേറ്റതോടെ ആളുകൾ ബസ് തടയുകയും അക്രമാസക്തരാവുകയും ചെയ്തു. ബസിലെ കണ്ടക്ടർക്കും ക്ലീനർക്കും മർദനമേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസാണ് ഇവരെ ആൾക്കൂട്ടത്തിൽനിന്ന് രക്ഷിച്ചത്.
ദേഹോപദ്രവം ഭയന്ന് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് ഓടിയ ജിജിത്തിനെ ആളുകൾ പിന്തുടർന്നു. ഇതോടെ ജിജിത്ത് തൊട്ടടുത്തുള്ള റെയിൽപ്പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്കുള്ള പാതയാകുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയിൽപ്പാളവുമാണ്.
രക്ഷപ്പെട്ടോടിയ ഡ്രൈവർ ജിജിത്ത് പിറകിൽ ആളുകൾ പിന്തുടരുന്നുണ്ടോയെന്ന ശ്രദ്ധയിലാണ് റെയിൽപ്പാളം മുറിച്ചുകടന്നത്. ഈ സമയം രണ്ടാമത്തെ പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടി ജിജിത്തിനെ ഇടിച്ചുതെറിപ്പിച്ചു. ജിജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
വടകര- തലശ്ശേരി റൂട്ടിലെ ശ്രീഭഗവതി, സൗഹൃദ തുടങ്ങിയ ബസുകളിലെ ഡ്രൈവറാണ് ജിജിത്ത്. 20 വർഷത്തിലേറെയായി ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മുനീർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് കണ്ടക്ടർ ബിജീഷിനേയും ക്ലീനർ സനലിനേയും മാക്കൂട്ടം തീരദേശപൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ബസും തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ആളുകൾ കൂടുന്നതു കണ്ടു റെയിലിനരികിലൂടെ ഓടിയ ജീജിത്തിനെ മെമു ട്രെയിൻ തട്ടിയാണ് അപകടമെന്നു ന്യൂമാഹി പൊലീസ് അറിയിച്ചു. വാസുവിന്റെയും നളിനിയുടെയും മകനാണു ജീജിത്. ഭാര്യ: തുളസി. മക്കൾ: അൻസിന, പരേതയായ നിഹ.




