ഫാഷൻ രംഗത്തെ മുടിചൂടാമന്നനായിരുന്നു പീറ്റർ നൈഗാർഡ്. ബഹാമസിൽ ആൻഡ്രൂ രാജകുമാരന് വിരുന്നൊരുക്കി പ്രശസ്തനായ ഈ 82 കാരനെ ആറാഴ്‌ച്ച നീണ്ട വിചാരണക്കൊടുവിലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തന്റെ ടൊറൊണ്ടോയിലുള്ള വീട്ടിൽ വെച്ച് നാല് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.വിധി പ്രസ്താവത്തിലുടനീളം നിർവികാരനായിട്ടായിരുന്നു നൈഗാർഡ് കാണപ്പെട്ടത്.

1980 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ, സമൂഹത്തിൽ തനിക്കുള്ള പദവി ഉപയോഗിച്ച്, 16 നും 28 നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യുഷൻ കേസ്. ഈ കുറ്റങ്ങൾ എല്ലാം തന്നെ നൈഗർ നിഷേധിക്കുകയായിരുന്നു. ഇരവാദം ഉയർത്തി പണം സമ്പാദിക്കലാണ് പരാതിയുടെ പിന്നിലെന്നായിരുന്നു ഇയാളുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, നാല് പരാതികളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ചാമത്തെ സ്ത്രീയുടെ പരാതിയിൽ ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഒന്നരമാസം നീണ്ടുനിന്ന വിചാരണക്കിടയിൽ അഞ്ച് ഇരകളുടെയും മൊഴികൾ കോടതി കേട്ടിരുന്നു. അതിൽ നാല് പേർ പറഞ്ഞത് പീഡനം നടക്കുമ്പോൾ തങ്ങളുടെ പ്രായം ഇരുപതുകളുടെ അവസാനത്തിൽ എത്തിയിരുന്നു എന്നാണ്. അഞ്ചാമത്തെ ഇര പറഞ്ഞത് തനിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡനം എന്നാണ്. അഞ്ചു പേരെയും നൈഗാർഡിന്റെ സ്വകാര്യ ബെഡ്റൂം സ്യുട്ടിൽ വച്ചായിരുന്നു പീഡിപ്പിച്ചത് എന്നാണ് ആരോപണം.

പരാതിക്കാരായ സ്ത്രീകളിൽ ചിലർ പറഞ്ഞത് ഇയാളുടെ കിടപ്പുമുറിയിലേക്ക് കടക്കാൻ കണ്ണാടി പതിപ്പിച്ച ഒരു വാതിലാണ് ഉള്ളത് എന്നായിരുന്നു. ഇതിന്റെ ഉൾഭാഗത്ത് ഹാൻഡിൽ ഇല്ല. മാത്രമല്ല, കിടപ്പു മുറിയിൽ നിന്നും പുറത്തേക്കുള്ള വാതിലുകൾ തുറക്കാൻ മുറിക്കകത്തുള്ള ഒരു ബട്ടൺ പ്രസ്സ് ചെയ്യുകയോ സെക്യുരിറ്റി കോഡ് ടൈപ്പ് ചെയ്യുകയോ വേണമെന്നും അവർ പറഞ്ഞിരുന്നു. പുറത്തേക്ക് വഴിയില്ല എന്നാണ് തങ്ങൾ വിചാരിച്ചതെന്ന് അതിൽ രണ്ട് സ്ത്രീകൾ കോടതിയിൽ പറഞ്ഞു.

അതിൽ ഒരു സ്ത്രീ പറഞ്ഞത്, തന്നെ മുറിയുടെ പുറത്തുകടക്കാൻ അനുവദിക്കണമെന്ന് താൻ തുടർച്ചയായി അപേക്ഷിച്ചു എന്നും എന്നാൽ നൈഗ്രാഡ് അത് നിഷേധിക്കുകയായിരുന്നു എന്നുമാണ്. ഈ ആരോപണമാണ് ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധം എന്ന അനുമാനത്തിൽ കോടതിയെ എത്തിച്ചത്. എന്നാൽ, തനിക്ക് ഈ അഞ്ചു പരാതിക്കാരിൽ നാല് പേരെ ഓർമ്മയില്ലെന്നും, ഈ സ്ത്രീകളുമായി ഇടപഴകിയതായി ഓർമ്മയില്ലെന്നുമാണ്. തന്റെ കിടപ്പു മുറിയുടെ വാതിലിന് ഉൾവശത്തും ഹാൻഡിൽ ഉണ്ടെന്നും ഒരിക്കലും ആരെയും ബലപൂർവ്വം അതിനുള്ളിൽ പെടുത്താനാവില്ലെന്നും അയാൾ കോടതിയിൽ പറഞ്ഞു.

ഇപ്പോൾ വിധി വന്ന കേസിനു പുറമെ നെയ്ഗാർഡിനെതിരെ ന്യുയോർക്കിൽ ഒരു സിവിൽലോ സ്യുട്ടും നിലവിലുണ്ട്. അതിൽ 57 സ്ത്രീകളാണ് ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. അതിൽ ചിലർ പറയുന്നത് തങ്ങൾക്ക് 14 ഉം 15 ഉം വയസ്സുള്ളപ്പോൾ തന്നെ ഇയാൾ പീഡിപ്പിച്ചു എന്നാണ്. ഈ കേസിനായി ഇയാളെ ന്യുയോർക്കിലേക്ക് നാടുകടത്താനുള്ള ശ്രമങ്ങൾക്കെതിരെ ഇയാൾ നിയമ പോരാട്ടം നടത്തുകയാണ്.

ഫിൻലാൻഡിൽ ജനിച്ച് കാനഡയിൽ വളർന്ന ഇയാൾ കാനഡയിൽ ഒരു കാലത്ത് സ്ത്രീകളുടെ ഏറ്റവും വലിയ വസ്ത്രനിർമ്മാണ ശാലയായിരുന്നു നെയ്ഗാർഡിന്റെ സ്ഥാപകൻ കൂടിയാണ്. ഇയാൾ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് 1450 പേരായിരുന്നു ഇയാൾക്ക് കീഴിൽ ജോലി ചെയ്തിരുന്നത്. വടക്കെ അമേരിക്കയിൽ ആകെ 150 സ്റ്റോറുകളും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് ഉള്ളിലായി 6000 സ്റ്റോറുകളും ഇയാളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.