തിരുവനന്തപുരം: വിവാദ ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് മന്ത്രിസഭാ തീരുമാനത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കി ലോകായുക്ത തള്ളിയത് മുഖ്യമന്ത്രിക്ക് ആശ്വാസമാകുമ്പോഴും ഹൈക്കോടതിയിൽ പരാതിക്കാരൻ നൽകുന്ന അപ്പീൽ നിർണ്ണായകമാകും. ലോകായുക്തയിൽ മൂന്നംഗ ഫുൾബെഞ്ചിന്റേതാണ് വിധി. പ്രതികൂലമായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് പദവി ഒഴിയേണ്ടിവരുമായിരുന്നു. വിധി മുഖ്യമന്ത്രിക്ക് അനുകൂലമെങ്കിലും ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിന്റെ നിരീക്ഷണം സർക്കാരിന് എതിരാണ്. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ ഈ വാദങ്ങൾ നിർണ്ണായകമാകും.

എന്നാൽ ദുരിതാശ്വാസ നിധി വിനിയോഗത്തിൽ നടപടിക്രമം പാലിച്ചില്ലെന്നും വീഴ്ചയുണ്ടായെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരവിൽ ചൂണ്ടിക്കാട്ടി. ലോകായുക്തയ്ക്ക് കേസ് പരിഗണിക്കാൻ നിയമപരമായ അവകാശമുണ്ട്. അധികാരം കുറയ്ക്കാനുള്ള ഭേദഗതി വരുന്നത് കേസുകൾ പരിഗണിക്കുന്നതിന് ബാധകമല്ല? അപേക്ഷ പോലും നൽകാത്തവർക്ക് സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയും മന്ത്രിസഭയുടെ അജൻഡയിൽപെടുത്താതെയും സഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകുന്നത് അർഹതപ്പെട്ടവർക്കായിരിക്കണ്ടേ. വഴിവിട്ട രീതി സദ്ഭരണത്തിനെതിരാണ്-ഇതാണ് ജസ്റ്റീസ് സിറിയക് ജോസഫിന്റെ നിരീക്ഷണം.

ജഡ്ജിമാർ സ്വാധീനിക്കപ്പെട്ടെന്നും ഹൈക്കോടതിൽ അപ്പീൽപോവുമെന്നും ഹർജിക്കാരനായ കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ പറഞ്ഞു. പരേതരായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, കെ.കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.66 ലക്ഷം, കോടിയേരിയുടെ ഗൺമാന്റെ കുടുംബത്തിന് 20 ലക്ഷം എന്നിവ അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ചായിരുന്നു ഹർജി. സർക്കാരിന്റെ വാദങ്ങൾ അപ്പാടെ അംഗീകരിച്ച് കേസ് തള്ളുന്ന 41പേജുള്ള ഉത്തരവാണ് ലോകായുക്ത ആദ്യം പുറത്തിറക്കിയത്. പിന്നീട് ജസ്റ്റിസ് സിറിയക് ജോസഫിന്റെ എതിർപരാമർശങ്ങൾ കൂടി ഉൾപ്പെടുത്തി കേസ് തള്ളുന്നതായി 83പേജുകളുള്ള ഉത്തരവ് രണ്ടാമതിറക്കി. ഇതിലാണ് സർക്കാരിനേയും മുഖ്യമന്ത്രിയേയും വിമർശിക്കുന്ന ഭാഗങ്ങളുള്ളത്.

ഹൈക്കോടതി ഈ കേസിനെ എങ്ങനെ എടുക്കുമെന്നതാണ് ഇനി നിർണ്ണായകം. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയെക്കൂടാതെ 18 മന്ത്രിമാരും ചീഫ്‌സെക്രട്ടറിയുമായിരുന്നു എതിർകക്ഷികൾ. പണമനുവദിച്ചതിൽ ക്രമക്കേടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യാനോ അന്വേഷിക്കാനോ തീരുമാനമെടുക്കാനോ ലോകായുക്തയ്ക്ക് കഴിയില്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ പരാതികളേ പരിധിയിൽ വരൂ. ഗവർണർക്കു പോലും ഉപദേശം നൽകാൻ പ്രാപ്തിയുള്ള മന്ത്രിസഭയുടെ തീരുമാനത്തിൽ ഇടപെടാനാവില്ല.തീരുമാനമെടുത്ത മന്ത്രിസഭ നിലവിലില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചു.

മന്ത്രിസഭയുടെ കൂട്ടായ തീരുമാനം ചോദ്യംചെയ്യാൻ അധികാരമില്ലെന്നും ലോകായുക്ത നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് മന്ത്രിസഭ പരിഗണനാവിഷയമല്ലെന്നും സർക്കാർ വാദിച്ചു. ചീഫ്‌സെക്രട്ടറി ഒന്നും മുഖ്യമന്ത്രി രണ്ടും എതിർകക്ഷികളായിരുന്നു.മുഖ്യമന്ത്രിക്ക് സ്വമേധയാ 3 ലക്ഷം വരെയും അതിനുമുകളിൽ മന്ത്രിസഭയ്ക്കും അനുവദിക്കാമെന്ന് ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം നൽകി. കേസിനാധാരമായ മൂന്ന് ഉത്തരവുകളിലും മന്ത്രിസഭാതീരുമാനത്തോടെയാണ് പണം അനുവദിച്ചത്. കേസിന് സാധുതയുണ്ടെങ്കിലും ആരോപണങ്ങൾ തെളിയിക്കാനാവാത്തതിനാൽ തള്ളുന്നെന്നാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.

മന്ത്രിസഭാ തീരുമാനത്തിനെതിരായ കേസ് നിലനിൽക്കില്ലെന്നാണ് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവർ നിലപാടെടുത്തത്. ഇതാണ് ഫുൾ ബഞ്ചിലെ തീരുമാനം സർക്കാരിന് അനുകൂലമാക്കിയതെന്നാണ് വിലയിരുത്തൽ.