- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ പ്രതിക്ക് വധശിക്ഷ കിട്ടി; നൂറ് ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു'; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് പ്രധാന സാക്ഷി താജുദ്ദീൻ; കണ്ണീരോർമയായ കുരുന്നിന്റെ കുഴിമാടത്തിൽ പൂക്കൾ വിതറിയും തിരിതെളിച്ചും മാതാപിതാക്കൾ
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് കേസിലെ പ്രധാന സാക്ഷിയായ ചുമട്ടുതൊഴിലാളി താജുദ്ദീൻ. ആലുവയിൽ അഞ്ചുവയസ്സുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയാണ് താജുദ്ദീൻ.
വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു വിധി പുറത്തു വരുന്നതിന് മുമ്പുള്ള താജുദ്ദീന്റെ പ്രതികരണം. 'ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. കേരള പൊലീസിനോടാണ് നന്ദി പറയാനുള്ളത്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാത്രമല്ല, എല്ലാവർക്കും ഇത് പാഠമായിരിക്കണം.' എന്നായിരുന്നു താജുദ്ദീന്റെ വാക്കുകൾ.
ആലുവ മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് അഞ്ചുവയസ്സുകാരിയെ അസഫാക് ആലം എന്ന കൊടുംക്രൂരൻ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത്. കുട്ടിക്കൊപ്പം അസഫാക് ഇതുവഴി നടന്ന് പോയത് പലരും കണ്ടിരുന്നു. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ മകളാണെന്നായിരുന്നായിരുന്നു പ്രതി ഇവർക്ക് നൽകിയ മറുപടി. കുഞ്ഞിനെ ആലുവ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടതിൽ പ്രധാന സാക്ഷിയായിരുന്നു താജുദ്ദീൻ.
താജുദ്ദീൻ മാത്രമല്ല, ആലുവ മാർക്കറ്റിലെ തൊഴിലാളികളെല്ലാവരും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. വിധി പുറത്തു വന്ന സാഹചര്യത്തിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവർ സന്തോഷം പങ്കിട്ടത്. ആ കുഞ്ഞിനെ രക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും കൂടിയുണ്ട് ഈ സന്തോഷത്തിന് പിന്നിൽ.
കേസിൽ വിധി വരുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട കുട്ടിയുടെ കുഴിമാടത്തിൽ മാതാപിതാക്കളും സഹോദരങ്ങളും പൂക്കൾ വിതറുകയും തിരിതെളിക്കുകയും ചെയ്തിരുന്നു. കീഴ്മാട് പൊതുശ്മാശനത്തിൽ പഞ്ചായത്ത് പ്രതിനിധികൾക്കൊപ്പമാണ് കുരുന്നിന്റെ കുടുംബം എത്തിയത്. ഇന്നലെ വൈകിട്ടാണ് മാതാപിതാക്കൾ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച കീഴ്മാട് പൊതുശ്മശാനത്തിൽ എത്തിയത്. ഇവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു. പഞ്ചായത്തിലെ പ്രതിനിധികളും ഇവർക്കൊപ്പം സ്ഥലത്തെത്തി. കുഴിമാടത്തിനരികെ വിതുമ്പിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ കൂടെയെത്തിയവരും കുഴങ്ങി.
കുഴിമാടത്തിലുണ്ടായിരുന്ന ഇലകളും മറ്റും നീക്കം ചെയ്തശേഷം ചിരാതുകളിൽ എണ്ണയൊഴിച്ച് തിരി തെളിയിച്ചശേഷമാണ് പൂക്കൾ അർപ്പിച്ചത്. പഞ്ചായത്ത് പ്രതിനിധികൾ പുഷ്പചക്രവും സമർപ്പിച്ചു. മകൾക്ക് നീതി ലഭിക്കുന്നതിനായി ക്രൂരകൃത്യം ചെയ്ത അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന ആഗ്രഹത്തോടെ കുഴിമാടത്തിനരികിൽനിന്ന് പ്രാർത്ഥിച്ചശേഷമാണ് മാതാപിതാക്കൾ കണ്ണീരോടെ അവിടെനിന്നും മടങ്ങിയത്.
പ്രതി അസഫാക് ആലം, ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.




