കൊച്ചി: വിവാഹ ദല്ലാളായെത്തി ആൾമാറാട്ടം നടത്തി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ലോക്കറി വിൽപ്പനക്കാരി അറസ്റ്റിൽ. രണ്ട് യുവാക്കളെ കബളിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിവാഹം ആലോചിച്ച പെൺകുട്ടി എന്ന മട്ടിൽ സംസാരിച്ച് കെണിയിൽ വീഴ്‌ത്തിയ ശേഷമാണ തട്ടിപ്പ് നടത്തിയത്.

വിവാഹം ആലോചിക്കുന്ന യുവാക്കളുമായി പെൺകുട്ടിയെന്ന മട്ടിൽ സംസാരിച്ച് ബന്ധം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്. വിവാഹം നടത്തി കൊടുക്കാമെന്നു പറഞ്ഞാണു ചോരക്കുഴി, മോനിപ്പിള്ളി സ്വദേശികളായ യുവാക്കളിൽ നിന്നു പണം തട്ടിയത്. കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്തും പെരുവയിലുമുള്ള യുവാക്കളിൽനിന്നായി 25,28,000 രൂപ ഇവർ തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയായും പെൺകുട്ടിയുടെ അമ്മയായും ശബ്ദം മാറ്റി സംസാരിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത്. ചോരക്കുഴിയിൽനിന്നുള്ള യുവാവിനെ സോന എന്നു പറഞ്ഞ് ഒരു യുവതിയുടെ ചിത്രം കാണിച്ച് വിവരങ്ങൾ കൈമാറി. ഇൻഫോപാർക്കിൽ സോനയ്ക്ക് ഉയർന്ന ജോലിയെന്നും വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്നു പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ ബന്ധപ്പെട്ടു. സോനയായും സോനയുടെ അമ്മയായും ശബ്ദം മാറ്റി സംസാരിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്.

ഇരുവരും തമ്മിലുള്ള സംസാരവും പരിചയവും വളർന്നതോടെ അച്ഛനും അമ്മയ്ക്കും സുഖമില്ലെന്നു പറഞ്ഞ് ആറു ലക്ഷത്തോളം രൂപ പിന്നീട് യുവാവിൽനിന്ന് വാങ്ങി. തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. മുൻപും ഈ രീതിയിൽ പണം തട്ടിയതായി അന്വേഷണത്തിൽ വ്യക്തമായി. പെരുവ സ്വദേശിയായ യുവാവിനെ സന്ധ്യ, പാർവതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയാണെന്നു വിശ്വസിപ്പിച്ചു പല തവണകളായി 19,28,000 രൂപ തട്ടിയെടുത്തു. മാറികയിലെ വീട്ടിൽ നിന്നാണു പ്രതി പിടിയിലായത്.

ഷൈല തട്ടിപ്പിനായി മൂന്നു ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ഇവർക്ക് മൂന്ന് ഫോണും നിരവധി ഫോൺ കണക്ഷനുകളുമുള്ളതായി പൊലീസ് പറഞ്ഞു. കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തിവരുന്നയാളാണ് ഷൈല. ലോട്ടറി വിൽപ്പനയ്ക്ക് ഇടയിലാണ് ദല്ലാളായി വലിയ വലിയ വീടുകളിൽ എത്തി യുവാക്കളെ കെണിയിൽ വീഴ്‌ത്തുക.