തിരുവനന്തപുരം: വഞ്ചിയൂരിലെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പത്തനാപുരം സ്വദേശി അജിൻ (33) ആണ് മരിച്ചത്. മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയില്ലെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്

പത്തനാപുരം സ്വദേശിയായ അജിനാണ് ബുധനാഴ്ച വൈകുന്നേരം അബോധാവസ്ഥയിൽ കണ്ടെത്തിയത്. അജിൻ ആത്മഹത്യ ചെയ്തതാണെന്ന് വഞ്ചിയൂർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അജിൻ അബോധാവസ്ഥയിലാണെന്ന കാര്യം ഹോട്ടൽ മുറിയിൽ ഒപ്പമുണ്ടായിരുന്ന യുവതിയാണ് റിസപ്ഷനിൽ അറിയിച്ചത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അജിൻ മരിച്ചു.

കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതോടെ പൊലിസ് യുവതിയെ ചോദ്യം ചെയ്തു. അജിനും യുവതിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ബുധാനാഴ്ച വൈകുന്നേരം മുറിയെടുത്ത ശേഷം ഇരുവരും മദ്യപിച്ചു. വാക്കു തർക്കമുണ്ടായ ശേഷം ഇരുവരും ഉറങ്ങാൻ കിടന്നു. അജിൻ ഫാനിൽ തൂങ്ങാൻ ശ്രമിച്ചപ്പോൾ യുവതി അഴിച്ചിട്ടു. ഇതിനുശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.