- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ മൃതദേഹം നഗ്‌നമായനിലയിൽ കുളത്തിൽ; യുവാവിന്റെത് സമീപത്തായി; കുളുവിൽ മരിച്ചനിലയിൽ കണ്ടെത്തിയത് റഷ്യൻ ദമ്പതിമാരെന്ന് സംശയം; സംഭവസ്ഥലത്തുനിന്ന് ചരസ്സും ബ്ലേഡും കണ്ടെടുത്തു
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മരിച്ച നിലയിൽ കണ്ടെത്തിയത് റഷ്യൻ ദമ്പതിമാരാണെന്ന് സംശയം. കുളുവിലെ മണികരണിന് സമീപം ഒരു ചെറിയകുളത്തിലാണ് വിദേശികളായ യുവതിയുടേയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു ബ്ലേഡും മൊബൈൽ ഫോണും മയക്കുമരുന്നായ ചരസ്സും കണ്ടെടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹം നഗ്‌നമായനിലയിൽ കുളത്തിലും യുവാവിന്റെ മൃതദേഹം കുളത്തിന് പുറത്തുമാണ് കിടന്നിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ചില മുറിവുകളും ഉണ്ടായിരുന്നു. എന്നാൽ, ഇത് മാരകമായ പരിക്കുകളല്ലെന്നും അതിനാൽ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇരുപതിനും മുപ്പതിനും ഇടയിലാണ് മരിച്ച രണ്ടുപേരുടെയും ഏകദേശപ്രായം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ലഭിച്ച ചില വസ്തുക്കൾ പരിശോധിച്ചതിൽനിന്നാണ് മരിച്ച രണ്ടുപേരും ദമ്പതിമാരാണെന്നും റഷ്യക്കാരാണെന്നും സംശയമുണ്ടായത്.
പ്രാഥമിക പരിശോധനയിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കൊലപാതകമാണോ എന്ന സംശയത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം അഴുകിയനിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ഇവരെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾക്കായി മേഖലയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.