- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനീയറിങ് കോളേജിലെ സീനിയർ വിദ്യാർത്ഥി പറഞ്ഞത് ബംഗളൂരുവിൽ ടെക്കിയെന്ന്; ഡെലിവറി ബോയിയെന്ന് അറിഞ്ഞതോടെ പ്രണയത്തിൽ നിന്നും പിന്മാറി; വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊന്നത് പ്രണയപ്പകയിൽ; പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ
ബംഗളൂരു: കർണാടകയിൽ 21കാരിയായ വിദ്യാർത്ഥിനിയെ ആൺസുഹൃത്തായ 23കാരൻ കഴുത്തറുത്തുകൊലപ്പെടുത്തിയത് പ്രണയപ്പകയിലെന്ന് പൊലീസ്. ഹാസൻ ജില്ലയിൽ 21കാരിയായ മുൻകാമുകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി തേജസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് 21കാരി സുചിത്രയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള കുന്തി ഹിൽസിൽ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്തുകൊന്നത്.
ഹാസൻ ജില്ലയിലെ ഒരു സർക്കാർ എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട സുചിത്ര. ഇതേ കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കി ബംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി തേജസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഒരേ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികളായ തേജസും മരണപ്പെട്ട പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിട്ടതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ തേജസ് തീരുമാനിക്കുകയായിരുന്നു.
ഇതിനായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.' കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
'താനൊരു ഒരു ഐടി സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് തേജസ് സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഒരു ഹോം ഡെലിവറി സ്ഥാപനത്തിലായിരുന്നു തേജസ് ജോലി ചെയ്തിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ സുചിത്ര തേജസിനെ അവഗണിക്കാൻ തുടങ്ങി. കളവ് പറഞ്ഞത് ചൊല്ലി ഇരുവരും വാക്ക് തർക്കവും സ്ഥിരമായിരുന്നു.
ഇതിനിടയിൽ സുചിത്രയുടെ മുൻ പ്രണയബന്ധത്തെ ചൊല്ലിയും തർക്കം ഉടലെടുത്തു. ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞാണ് തേജസ് സുചിത്രയെ കുന്തി ഹിൽസിലേക്ക് വിളിച്ചുവരുത്തിയത്. പരസ്പരം സംസാരിക്കുന്നതിനിടെ വീണ്ടും തർക്കങ്ങൾ ആരംഭിച്ചു. ഇതോടെ പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു.'
സ്ഥലത്തെത്തിയ നാട്ടുകാരാണ് സുചിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുചിത്രയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് രാവിലെ തേജസ് കോളേജിലെത്തി സുചിത്രയെ കൊണ്ടുപോയെന്ന വിവരം ലഭിച്ചത്. ഇതോടെ മൊബൈൽ നമ്പർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേജസിനെ പിടികൂടിയത്.




