ബെംഗളൂരു: കർണാടക ഖനിവകുപ്പിലെ ഉദ്യോഗസ്ഥയെ മുൻഡ്രൈവർ കൊലപ്പെടുത്തിയത് വീട്ടിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടാണെന്ന് അന്വേഷണ സംഘം. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, കവർച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുൻപാണ് കാർ ഡ്രൈവറായിരുന്ന പ്രതി കിരണിനെ പിരിച്ചുവിട്ടത്.

പണവും സ്വർണവും ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് കേസിലെ പ്രതി കിരൺ നൽകിയ മൊഴി. ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടിൽനിന്ന് 27 ഗ്രാം സ്വർണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവർന്നതെന്നും പൊലീസ് പറഞ്ഞു.

കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമ(45)യെ നവംബർ അഞ്ചാം തീയതിയാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിമയുടെ മുൻ കാർ ഡ്രൈവറായ കിരണിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ നിരാശയിലാണ് പ്രതിമയെ കൊലപ്പെടുത്തി സ്വർണവും പണവുമായി കടന്നുകളയാൻ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി. പ്രതിമയെ അപ്പാർട്ട്മെന്റിൽ കയറി കൊലപ്പെടുത്തിയശേഷം 27 ഗ്രാം സ്വർണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കൈക്കലാക്കി. ഉദ്യോഗസ്ഥയുടെ കൈചെയിനും വളകളും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഈ ആഭരണങ്ങളും പണവും സുഹൃത്തായ ദീപക്കിനെ ഏൽപ്പിച്ചു. തുടർന്ന് പണവും ആഭരണങ്ങളും ദീപക്കിന്റെ വീട്ടിൽ സൂക്ഷിച്ചശേഷമാണ് ഇരുവരും ചാമരാജനഗർ ഭാഗത്തേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്.

നവംബർ അഞ്ചിന് രാവിലെ അപ്പാർട്ട്മെന്റിലെ തറയിൽ കഴുത്തറുത്തനിലയിലാണ് പ്രതിമയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചും പിന്നാലെ കഴുത്തറുത്തുമാണ് പ്രതി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചുവർഷമായി ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാർട്ട്‌മെന്റിൽ പ്രതിമ തനിച്ചായിരുന്നു താമസം. ഭർത്താവ് സത്യനാരായണൻ സ്വദേശമായ തീർത്ഥഹള്ളിയിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുൻപാണ് കാർ ഡ്രൈവറായിരുന്ന കിരണിനെ പ്രതിമ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ഇതോടെ കിരണിനായി പൊലീസ് തിരച്ചിൽ വ്യാപമാക്കുകയും ചാമരാജനഗറിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.