ചെന്നൈ: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 22 വർഷത്തിന് ശേഷം വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം. ചെന്നൈ മാധവരത്ത് തിങ്കളാഴ്ച 52 വയസുകാരനെ വെട്ടിക്കൊന്ന സംഭവത്തിലാണ് യുവാവും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട പ്രതികാരത്തിന്റെ വിവരം പുറത്തുവന്നത്. 2001ൽ തനിക്ക് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ അച്ഛനെ കൊന്നതിനുള്ള പ്രതികാരമാണെന്ന് 52കാരന്റെ കൊലപാതകമെന്ന് അറസ്റ്റിലായ സതീഷ് കുമാർ പൊലീസിനോട് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് നിരവധി ക്രിമിൽ കേസുകളിൽ പ്രതിയായ ശെഷ്യാൻ എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാജ വാറ്റ് നടത്തിയിരുന്ന ഇയാൾ കൊടുങ്കൈയൂർ പ്രദേശത്ത് നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 2001ലാണ് സതീഷ് കുമാറിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് ഈ കേസിൽ ജാമ്യത്തിലിറങ്ങി അച്ഛന്റെ സഹോദരനെയും കൊന്നു.

ഈ കേസുകളിൽ വിചാരണ പൂർത്തിയാക്കി ഇയാളെ 15 വർഷം തടവിന് വിധിച്ചു. 2018ൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം മാനസാന്തരപ്പെട്ട് ഒരു വെൽഡിങ് യൂണിറ്റിൽ ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കുകയായിരുന്നു.

കൊലപാതകം നടക്കുമ്പോൾ ഏഴ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സതീഷ് കുമാർ നിലവിൽ ഒരു വാട്ടർ കാൻ സപ്ലൈ സ്ഥാപനത്തിൽ ജോലി ചെയ്ത് ജീവിച്ച് വരുന്നതിനിടെയാണ് അച്ഛന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്. തന്റെ നാല് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച രാത്രി വടപെരുമ്പക്കത്തു വെച്ച് കൊലപാതകം നടത്തി. തുടർന്ന് എല്ലാവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

ഗുരുതരമായി പരേക്കറ്റ് റോഡിൽ കിടന്നയാളെക്കുറിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. തുടർന്ന് റെഡ് ഹിൽസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സതീഷ് കുമാറിന് സംഭവത്തിൽ ബന്ധമുണ്ടെന്ന് മനസിലായത്. ചൊവ്വാഴ്ച തന്നെ സതീഷും മൂന്ന് സുഹൃത്തുക്കളും റെഡ് ഹിൽസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.