ബെർഹാംപൂർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ വീട്ടിലെ മുറിയിലേക്ക് രാത്രിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെയും രണ്ടു വയസുള്ള മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗഞ്ചം ജില്ലയിലെ കെ. ഗണേശ് പത്ര (25) ആണ് പിടിയിലായത്. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്. ഒരു വർഷം മുൻപ് ഗണേശിനെതിരെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവ് ഗ്രാമത്തിലാണ് സംഭവം. കെ.ഗണേശ് പത്ര(25)യാണ് ഭാര്യ കെ.ബസന്തി പത്രയെയും(23) മകൾ ദേബസ്മിതയെയും കൊലപ്പെടുത്തിയത്. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയുമായി നിരന്തരം വഴക്കായിരുന്നു പ്രതി.

മതപരമായ ആവശ്യത്തിനെന്നു പറഞ്ഞാണ് പ്രതി പാമ്പാട്ടിയിൽ നിന്നും പാമ്പിനെ വാങ്ങിയത്. ഒക്ടോബർ ആറിന് പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പാമ്പിനെ ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു. തുടർന്ന് പ്രതി മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബസന്തിയും മകളും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യാപിതാവ് പരാതി നൽകിയതിനെ തുടർന്ന് ഗണേശിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചം പൊലീസ് സൂപ്രണ്ട് ജഗ്മോഹൻ മീണ പറഞ്ഞു.

'സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. അയാൾക്കെതിരായ തെളിവുകൾ ശേഖരിക്കാൻ കുറച്ച് കാലതാമസം നേരിട്ടു. ചോദ്യം ചെയ്യലിൽ, ആദ്യം ആരോപണം നിഷേധിച്ച പ്രതി പാമ്പ് തനിയെ മുറിയിൽ കയറിയതാണെന്ന് വാദിച്ചു. ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും'' എസ്‌പി പറഞ്ഞു.

സംഭവദിവസം യുവാവ് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. രാത്രി ബസന്തിയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് മൂർഖൻ പാമ്പിനെ തുറന്നുവിടുകയായിരുന്നു. രാവിലെ 5.45 ഓടെ ഭാര്യയും മകളും പാമ്പുകടിയേറ്റ് മരിച്ചുവെന്ന് പറഞ്ഞ്ഗണേശ് നിലവിളിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പാമ്പുകടിയേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ യുവതിയുടെ പിതാവ് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

ഫോൺ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗണേശ് പാമ്പുപിടിത്തക്കാരുമായി നിരവധിതവണ ബന്ധപ്പെട്ടിട്ടുള്ളതായി ബോധ്യമായതായി കബിസൂര്യനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പർവത് സാഹു പറഞ്ഞു. പ്രതി, പിതാവിന്റെ പേരിൽ സിംകാർഡ് എടുക്കുകയും സെപ്റ്റംബർ 26 ന് ഇതുപയോഗിച്ച് വിഷപ്പാമ്പിനെ ലഭിക്കുന്നതിനായി പാമ്പുപിടുത്തക്കാരെ ഫോണിൽ വിളിക്കുകയും ചെയ്തു.

ശിവക്ഷേത്രത്തിൽ പൂജയ്ക്ക് വേണ്ടിയെന്നാണ് ഇയാൾ ഇവരോട് പറഞ്ഞത്. ഒക്ടോബർ ആറിന് പാമ്പാട്ടിയായ ബസന്ത ആചാര്യ താൻ പിടികൂടിയ ഒരു മൂർഖൻ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഗണേശിന് കൈമാറി. തുടർന്ന് രാത്രി ഭാര്യയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് പാമ്പിനെ തുറന്നുവിട്ടു. പുലർച്ചെ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.