ബെംഗളൂരു: കർണാടകത്തിലെ ഗദഗിൽ ഒമ്പതുമാസം പ്രായമായ ആൺകുഞ്ഞിനെ അമ്മൂമ്മ ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടിയത് സംശയ രോഗത്തിൽ. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തഗേരി സ്വദേശി കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പൊലീസ് അറസ്റ്റുചെയ്തു.

വിവാഹം കഴിഞ്ഞ് അധികംവൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാൽ സരോജ കൊലനടത്തുകയായിരുന്നു. ഇതിന് പിന്നിൽ സംശയവും നാണക്കേടും ഉണ്ടെന്നാണ് സൂചന. 2021-ലാണ് കലാകേശും നാഗരത്‌നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് ആൺകുഞ്ഞ് ജനിച്ചു. പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടിൽനിന്ന് നാഗരത്‌ന കുഞ്ഞിനൊപ്പം ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിന് ശേഷം കുട്ടിയെ സംശയത്തോടെ കണ്ടു.

കുഞ്ഞ് ജനിച്ചതിൽ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. സരോജയെ സംശയം തോന്നിയ നാഗരത്‌ന പൊലീസിൽ പരാതി നൽകി. ഇതാണ് നിർണ്ണായകമായത്. അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനുസമീപത്തെ മാവിൻചുവട്ടിൽ കുഴിച്ചുമൂടിയനിലയിൽ മൃതദേഹം കണ്ടെത്തി.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായിൽ തിരുകി കൊലപ്പെടുത്താൻ സരോജ നേരത്തേ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സരോജ കുറ്റസമ്മതം നടത്തി. മകന് നേരത്തെ കുട്ടിയുണ്ടായത് നാണക്കേടായി എന്നാണ് കുറ്റസമ്മതം. ഇതിനൊപ്പം സംശയ രോഗവും അമ്മായി അമ്മയെ ബാധിച്ചു. ഇതുകൊണ്ടാണ് കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്.

നവംബർ 22നായിരുന്നു കൊല. അന്ന് കുട്ടിയുടെ അമ്മ പതിവ് പോലെ വീട്ടുജോലിക്കായി പുറത്തേക്ക് പോയി. തിരിച്ചു വന്നപ്പോൾ കുട്ടിയെ കണ്ടില്ല. സരോജ ഗൂളിയോട് കുട്ടിയെ തിരക്കി. പരസ്പര വിരുദ്ധമായാണ് അവർ മറുപടി നൽകിയത്. ഇതോടെ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ കുട്ടിയെ കൊന്നുവെന്ന് അവർ സമ്മതിച്ചു.

അതിന് ശേഷം കുഴിച്ചിട്ട സ്ഥലവും കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ യഥാർത്ഥ മരണ കാരണം അറിയൂവെന്നാണ് പൊലീസ് പറയുന്നത്.