ബെംഗളൂരു: കർണാടകയിലെ തുമകുരു സദാശിവനഗറിൽ സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വേട്ടയാടലിനെ തുടർന്ന് അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അഞ്ച് പേർക്കെതിരെ കേസെടുത്തു. മൂന്നുകുട്ടികളടക്കം ഒരുകുടുംബത്തിലെ അഞ്ചുപേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലക്കനഹള്ളി സ്വദേശിയായ ഗരീബ് സാബ്(46) ഭാര്യ സുമയ്യ(33) മക്കളായ ഹാസിറ(14) മുഹമ്മദ് സുബ്ഹാൻ(11) മുഹമ്മദ് മുനീർ(9) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടോടെയാണ് സദാശിവനഗറിലെ വീട്ടിൽ അഞ്ചംഗകുടുംബത്തെ മരിച്ചനിലയിൽ കണ്ടത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് മുൻപ് ഗരീബ് ചിത്രീകരിച്ച ഒരുവീഡിയോ പൊലീസ് കണ്ടെടുത്തിരുന്നു.

സാമ്പത്തികപ്രശ്നങ്ങളും പണം കടം നൽകിയവരുടെ ഉപദ്രവവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് വീഡിയോയിൽ പറയുന്നത്. തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ ശിക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രിയോടും പൊലീസ് ഉദ്യോഗസ്ഥരോടും ഗരീബ് വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്.

ഇതേത്തുടർന്ന് വീഡിയോയിൽ ഗരീബ് ആരോപണമുന്നയിച്ച അഞ്ചുപേർക്കെതിരേയും പൊലീസ് കേസെടുത്തു. കലന്ധർ, ഇയാളുടെ മകൾ സാനിയ, മകൻ ഷഹബാസ്, അയൽക്കാരായ ശബാന, മകൾ സാനിയ എന്നിവർക്കെതിരേയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.

ലക്കനഹള്ളി സ്വദേശിയായ ഗരീബ് കബാബ് വിൽപ്പനക്കാരനാണ്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്ന ഇദ്ദേഹം പലരിൽനിന്നായി പണം കടംവാങ്ങിയിരുന്നതായാണ് വിവരം. ഇവർ പിന്നീട് ഗരീബിനെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.