ഏറ്റുമാനൂർ: അതിരമ്പുഴയിലെ ശ്രീകണ്ഠമംഗലത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മരിക്കുന്നതിനു മുമ്പ് യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതിയുടേത് തൂങ്ങിമരണംതന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നു. തൂങ്ങിമരണത്തിൽ സംഭവിക്കേണ്ടതായ ക്ഷതങ്ങളൊന്നും യുവതിയുടെ മൃതദേഹത്തിൽ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. സംഭവത്തിൽ ഭർതൃപിതാവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ (24) യാണ് ഈ മാസം 7നു രാവിലെ ഭർത്താവിന്റെ വീട്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈമോൾ മരിച്ചതിനു പിനനാലെ ഭർത്താവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അനിലിന്റെ പിതാവ് വർക്കിയെ (56) ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നതായും കാലിൽ പഴയതും പുതിയതുമായ മുറിവുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ കശേരുക്കൾക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കിൽ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ടിലുണ്ട്.