തിരുവനന്തപുരം: പൊഴിയൂരിൽ ബീച്ചിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ പുതുവൽവീട്ടിൽ ഐബിൻസ്(34) കന്യാകുമാരി നിദ്രവിള കെ.ആർ.പുരത്തെ ശരത്പ്രിയൻ(19) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതിയായ സാജൻ ഒളിവിലാണ്.

ഇക്കഴിഞ്ഞ ജൂലായിലാണ് ആൺസുഹൃത്തിനൊപ്പം പൊഴിയൂർ ബീച്ചിലെത്തിയ 20 വയസ്സുകാരിയെ മൂന്നുപേർ പീഡിപ്പിച്ചത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊഴിയൂർ പൊലീസ് കേസെടുക്കുകയും രണ്ടുപ്രതികളെ പിടികൂടുകയുമായിരുന്നു.

ആൺസുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയശേഷമാണ് മൂന്നുപേരും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ കണ്മുന്നിലിട്ടാണ് ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ചത്. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതികളിലൊരാൾ മൊബൈൽഫോണിൽ പകർത്തിയിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. പ്രതികളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണി തുടർന്നതോടെയാണ് യുവതി പൊഴിയൂർ പൊലീസിൽ പരാതി നൽകിയത്.

പൊഴിയൂർ സിഐ. സതികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയായ സാജനും ഉടൻപിടിയിലാകുമെന്നാണ് പൊലീസിന്റെ പ്രതികരണം. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.