ജയ്‌പ്പുർ: ഫേസ്‌ബുക്ക് സുഹൃത്തിനെ നേരിട്ടു കാണാനായി പാക്കിസ്ഥാനിലേക്കു പോയി വിവാഹിതയായ ശേഷം കഴിഞ്ഞ ദിവസം തിരികെ ഇന്ത്യയിൽ എത്തിയ അഞ്ജു എവിടെയെന്ന് അജ്ഞാതം. രാജസ്ഥാനിലെ ഭിവാഡിയിലുള്ള സ്വന്തം വീട്ടിലേക്കു മക്കളെ കാണാൻ അവർ ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. അമ്മയെ കാണാൻ താൽപര്യമില്ലെന്നു മക്കൾ പറഞ്ഞു. അഞ്ജുവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നു ഭർത്താവ് പറഞ്ഞു. ഇരുവരും ഇതുവരെ വിവാഹമോചിതരായിട്ടില്ല.

അഞ്ജുവിന്റെ വീടുള്ള റസിഡൻഷ്യൽ സൊസൈറ്റിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടേക്ക് എത്തുന്ന വാഹനങ്ങളും വ്യക്തികളെയും വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. അഞ്ജുവിന്റെ 15 വയസ്സുള്ള മകളെയും ആറു വയവയസ്സുള്ള മകനെയും ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു.

അഞ്ജുവിന്റെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പലരുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും ഭിവാഡി പൊലീസ് എസ്‌പി ദീപക് സെയ്‌നി പറഞ്ഞു. അഞ്ജുവിനെ ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നസ്‌റുല്ലയെ വിവാഹം ചെയ്യാനാണ് അഞ്ജു ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലെത്തിയത്. മക്കളെ കാണാതെ മാനസിക വിഷമമാണെന്ന് പറഞ്ഞാണ് അഞ്ജു ഇന്ത്യയിലേക്ക് വരാൻ അനുമതി നേടിയത്. വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അമൃത്സർ ഐബിയും അഞ്ജുവിനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച ഡൽഹിയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. ഡൽഹിയിലെത്തിയ ശേഷം അഞ്ജു എവിടെയാണെന്ന് അറിയില്ല.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അട്ടാരി-വാഗാ അതിർത്തി വഴി അഞ്ജു ഇന്ത്യയിലെത്തിയത്. പഞ്ചാബ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അമൃത്സറിൽ അവരെ ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച ഡൽഹിയിലേക്കു വിമാനത്തിൽ പോകാൻ അനുമതി നൽകുകയായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, 'സന്തോഷവതിയാണ്, മറ്റൊന്നും പറയാനില്ല' എന്നു മറുപടി നൽകി അവർ കടന്നുപോയി.

ഭർത്താവ് അരവിന്ദിൽനിന്നു വിവാഹമോചനം നേടിയ ശേഷം കുട്ടികളെ പാക്കിസ്ഥാനിലേക്കു കൊണ്ടുപോകുമെന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഒരു മാസത്തെ എൻഒസി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജു ഇന്ത്യയിലെത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് മൂന്നു മുതൽ അഞ്ചു മാസം വരെ വേണ്ടിവരും. വിവാഹമോചനം ലഭിച്ചാൽ മാത്രമേ അവർക്കു കുട്ടികളുമായി മടങ്ങാൻ കഴിയൂ.

അഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് അറിയില്ലെന്നും തനിക്ക് ഇക്കാര്യം സംസാരിക്കാൻ താത്പര്യമില്ലെന്നുമാണ് അരവിന്ദിന്റെ പ്രതികരണം. ഇന്ത്യയിൽ തങ്ങാൻ ഒരു മാസത്തെ സമയമാണ് അഞ്ജുവിന് അനുവദിച്ചിരിക്കുന്നത്. അതിനിടയിൽ വിവാഹ മോചന നടപടി ക്രമങ്ങൾ പൂർത്തിയാവാനിടയില്ല.

രാജസ്ഥാനിലെ ഭിവാഡി സ്വദേശിനിയായ അഞ്ജു നാട്ടിൽ അരവിന്ദ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. 2019ലാണ് പാക്കിസ്ഥാൻ സ്വദേശിയായ നസ്റുല്ല എന്നയാളെ ഫേസ്‌ബുക്കിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ജൂണിൽ വീട്ടുകാരെ അറിയിക്കാതെ, നസ്റുല്ലയെ കാണാനായി അഞ്ജു പാക്കിസ്ഥാനിലേക്ക് പോയി. ജയ്പുരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീടാണ് പാക്കിസ്ഥാനിലേക്കു പോയതാണെന്ന് വീട്ടുകാർ അറിഞ്ഞത്.

പാക്കിസ്ഥാനിലെത്തിയ അഞ്ജു, നസ്റുല്ലയെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിക്കുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാഹത്തിനു തൊട്ടുപിന്നാലെ, അഞ്ജു അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും അവർ മക്കളെ കാണാൻ ആഗ്രഹിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ വന്നു. ഇന്ത്യയിലേക്കു മടങ്ങുന്നതിനായി ശ്രമം നടത്തിയെങ്കിലും വീസാ പ്രശ്നങ്ങൾ കാരണം കഴിഞ്ഞില്ല. ഒക്ടോബറിൽ മടങ്ങിയെത്താനിരുന്നെങ്കിലും വീസ ലഭിച്ചില്ല. ഭർത്താവ് അരവിന്ദ് ഭിവാഡി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികളിലെടുത്ത കേസുകൾ അഞ്ജുവിന് നേരിടേണ്ടിവരും.