- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഓട്ടോ തന്നെയാണെന്ന് സ്ഥിരീകരണം. കേസിലെ പ്രതികൾ സഞ്ചരിച്ച ഓട്ടോയാണ് കസ്റ്റഡിയിലുള്ളതെന്ന് ഡ്രൈവർ സമ്മതിച്ചു. കല്ലുവാതുക്കലിൽ നിന്നും പ്രതികൾ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. എന്നാൽ പേടിച്ചാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും ഡ്രൈവർ പറയുന്നു. ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.
നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ഓട്ടോറിക്ഷയിൽ തന്നെയാണ് പ്രതികൾ സഞ്ചരിച്ചതെന്ന നിർണായകമായ വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്. ഈ ഭാഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്‌ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസുമായി ഈ ഓട്ടോയ്ക്കു ബന്ധമുണ്ടോയെന്നു വിശദമായി പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും. അതേ സമയം രേഖാചിത്രത്തിലെ സ്ത്രീയെ തിരിച്ചറിഞ്ഞതിലും ഓട്ടോ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചത്. കുട്ടിയുടെ പിതാവിനോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസ് സംഘം കുട്ടിയുടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്.
പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യാൻ വീട്ടിലെത്തിയത്. പിതാവുമായി വൈരാഗ്യമുള്ളവർ നടത്തിയ ക്വട്ടേഷനാണെന്നാണു സംശയം. ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർടേക്കറാണെന്നു സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നാണു സൂചന. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്‌സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.
നഴ്‌സുമാരുടെ റിക്രൂട്‌മെന്റും നഴ്‌സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്മിൻ ഷാ പറഞ്ഞു. സംഘടനയിൽ എല്ലാവരും തമ്മിൽ ആത്മബന്ധമുണ്ട്, ശത്രുപക്ഷമോ എതിർപക്ഷമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലർ കസ്റ്റഡിയിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറൽ എസ്‌പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്‌പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിന്റെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.
കേരളം ഞെട്ടിയ തട്ടിക്കൊണ്ട് പോകലിൽ പല വഴിക്കാണ് അന്വേഷണം നടക്കുന്നത്. പിന്നിൽ കുഞ്ഞിന് അച്ഛൻ റെജിയോട് വൈരാഗ്യമുള്ള ആരെങ്കിലുമാണോ എന്നായിരുന്നു ഒരു ഘട്ടത്തിൽ പൊലീസ് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഇവിടെ നിന്നും കിട്ടിയ ഒരു ഫോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛൻ നഴ്‌സുമാരുടെ സംഘടനായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടാണ്. അച്ഛൻ റെജിയുടെ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. ഈ അന്വേഷണമാണ് നഴ്‌സിങ് കെയർ ടേക്കറിലേക്കും റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ഇരകളിലേക്കും എത്തി നിൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ