- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലേക്ക് മടങ്ങി പോകാനുള്ള പരിശോധനയ്ക്കിടെ തിരിച്ചരിഞ്ഞത് ബ്ലഡ് കാൻസർ; നട്ടെല്ലിന് പരിക്കേറ്റ ഭർത്താവിനും ആരോഗ്യ പ്രശ്നം; സാമ്പത്തിക പരാധീനത കൂടിയപ്പോൾ നഴ്സായ ഭാര്യയേയും കൂട്ടി കടുംകൈ; കുട്ടികളെ കൊന്ന് ദമ്പതികളുടെ ആത്മഹത്യക്ക് പിന്നിൽ പ്രതിസന്ധി
കുട്ടനാട്: ആലപ്പുഴയിലെ ദമ്പതികളുടെയും ഇരട്ടക്കുട്ടികളുടെയും കൂട്ടമരണത്തിന് പിന്നിൽ അസുഖവും സാമ്പത്തിക പരാധീനതയും. നാടിനെയാകെ നൊമ്പരത്തിലാഴ്‌ത്തുകയാണ് ദുരന്തം. തലവടിയിൽ സുനു - സൗമ്യ ദമ്പതികളാണ് മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. രോഗവും സാമ്പത്തിക പരാധീനതകളുമാണ് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കാൻ കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സൗമ്യയ്ക്ക് ക്യാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളും കുടുംബത്തെ തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഗൾഫിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന സൗമ്യ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ബ്ലഡ് ക്യാൻസർ ആണെന്ന് അറിയുന്നത്.
ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. അതിനിടെ ഒരു അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. ഇതോടെ സുനുവിനും ജോലിക്ക് പോകാൻ കഴിയാതെയായി. ഇതിനിടെയാണ് സൗമ്യയ്ക്ക് രോഗമെത്തുന്നത്. 'ആർസിസിയിൽ ചികിത്സയിലായിരുന്നു സൗമ്യ. ഒന്നര ആഴ്ച കൂടുമ്പോൾ രക്തം മാറ്റണം. ഇന്ന് ചെയിഞ്ച് ചെയ്യാൻ ആശുപത്രിയിൽ പോകാനിരുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും പറഞ്ഞു കേൾക്കുന്നുണ്ട്'- പഞ്ചായത്തംഗം പറഞ്ഞു.
രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയവരാണ് കൂട്ടമരണം പുറത്തറിഞ്ഞത്. സമീപത്താണ് സുനുവിന്റെ അമ്മയും താമസിക്കുന്നത്. എട്ട് മണിയായിട്ടും പുറത്ത് ആരെയും കാണാതിരുന്നതോടെ അമ്മ വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ സൗമ്യയെയും സുനുവിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
അസുഖമായതിനാൽ ഇനി മുന്നോട്ടുപോവാൻ കഴിയില്ലെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു. മറ്റ് ദുരൂഹതകളൊന്നും മരണത്തിൽ ഇല്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ