പാറശാല: അൺസുഹൃത്തിനൊപ്പം രാത്രി കടൽക്കരയിലെത്തിയ പെൺകുട്ടി നേരിട്ടതുകൊടുംക്രൂരത. മാതാവിന്റെ പിറന്നാൾ ആഘോഷത്തിനെന്ന വ്യാജേനയാണ് 19കാരിയെ സുഹൃത്തായ യുവാവ് കടൽക്കരയിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിജനമായ സ്ഥലത്ത് യുവാക്കൾക്കൊപ്പം നിന്ന പെൺകുട്ടിയെ പ്രദേശവാസികളായ രണ്ടു യുവാക്കൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഞെട്ടിക്കുന്ന സംഭവങ്ങളാണ് പെൺകുട്ടി നേരിട്ടത്.

കഴിഞ്ഞ ജൂലൈ 14ന് രാത്രി 8.00ന് പൊഴിയൂർ പൊഴിക്കരയിൽ ആണ് സംഭവം. എന്നാൽ അടുത്തിടെ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും തനിക്ക് വന്ന വിവാഹാലോചന മടുങ്ങുകയും ചെയ്തതോടെയാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ കത്തി കാട്ടി മർദിച്ചു മാറ്റിയ ശേഷം പ്രദേശവാസികളായ സാജൻ, ഐബിൻസ് എന്നിവർ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പീഡനം നടന്ന് നാലു മാസത്തിനു ശേഷം പെൺകുട്ടി നൽകിയ പരാതിയിൽ ഐബിൻസ് (34), പെൺകുട്ടിയുടെ സുഹൃത്ത് നിദ്രവിള കെ.ആർ പുരം സ്വദേശി ശരത്പ്രിയൻ (19) എന്നിവരെ രണ്ടു ദിവസം മുമ്പ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊഴിക്കരയിൽ നടക്കുന്ന തന്റെ മാതാവിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന ദുരുദ്ദേശത്തോടെയാണ് ശരത്പ്രിയൻ പെൺകുട്ടിയെ ഇവിടെ എത്തിച്ചത്. ശരത്പ്രിയനൊപ്പം സഹപാഠി മാക്‌സലിനും ഉണ്ടായിരുന്നു. പൊഴിക്കരയോടു ചേർന്നുള്ള വിജനമായ പ്രദേശത്ത് സംസാരിച്ച് നിൽക്കവേ ശരത്പ്രിയനും മാക്‌സിലിനും മദ്യപിച്ചു. അസ്വാഭാവികമായ നിലയിൽ ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയെയും യുവാവിനെയും കണ്ടതോടെ ചോദ്യം ചെയ്യൽ നടത്തിയ സാജനും, ഐബിൻസും യുവാക്കളെ മർദിച്ചു മാറ്റി നിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

പെൺകുട്ടിയുടെ ഫോൺ നമ്പർ കൈവശപ്പെടുത്തിയ പ്രതികൾ പറയുന്ന സ്ഥലത്ത് എത്തണമെന്നും ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിക്കും എന്നും ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ശരത്പ്രിയന്റെ ബന്ധുക്കൾ സംഭവം പുറത്ത് പറയരുതെന്ന് താക്കീത് നൽകിയതായും പരാതിയിൽ പറയുന്നു. ഇതിനിടയിൽ പ്രതികളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ പുറത്തായി പ്രചരിച്ചതോടെ പെൺകുട്ടിക്ക് വന്ന വിവാഹാലോചന മുടങ്ങി. ഇതോടെ ആണ് മാസങ്ങൾക്ക് ശേഷം ബന്ധുക്കൾ പരാതി നൽകിയത്.

കേസിലെ രണ്ടാം പ്രതി ഐബിൻസ് സമീപവാസിയായ സ്ത്രീയെ ആക്രമിച്ച കേസിൽ പെട്ട് ജയിലിൽ നിന്നു അടുത്തിടെ ആണ് പുറത്തിറങ്ങിയത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ശരത്പ്രിയന്റെ പേരിലുള്ള കുറ്റം. മത്സ്യതൊഴിലാളിയായ ഒന്നാം പ്രതി സാജനു വേണ്ടി പൊഴിയൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.

മദ്യപാനം, അനാശാസ്യം അടക്കം സംഭവങ്ങൾ വർധിച്ചതോടെ രണ്ട് മാസമായി ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ പൊഴിക്കരയിൽ രാത്രി 7.00ന് ശേഷം പുറത്ത് നിന്നെത്തുന്നവർക്ക് പ്രദേശവാസികൾ പ്രവേശന വിലക്ക് എർപ്പെടുത്തി. ഇടവക കമ്മിറ്റി, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അർധരാത്രി വരെ പരിശോധനയ്ക്കു റോഡിൽ ആൾക്കാർ ഉണ്ടാകും. രാത്രി സമയങ്ങളിൽ കോളജ് വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഇവിടെ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. വിലക്ക് ഏർപ്പെടുത്തിയ ശേഷം മദ്യപിക്കാൻ എത്തുന്നവരുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.