- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇളയ സഹോദരിയുടെ രഹസ്യ ബന്ധത്തെ മൂത്തസഹോദരി എതിർത്തു; കലിമൂത്ത് സഹോദരിയുടെ ആറു വയസ്സുള്ള കുട്ടിയെ കൊന്ന് കുഴിച്ചു മൂടി ഇളയ സഹോദരി: അറസ്റ്റ് ചെയ്ത് പൊലീസ്
ബെംഗളൂരു: രഹസ്യബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ മൂത്ത സഹോദരിയുടെ ആറു വയസ്സുള്ള മകനെ കൊന്നുകുഴിച്ചുമൂടി ഇളയ സഹോദരി. കർണാടകത്തിലെ ചിക്കബെല്ലാപുരയിലാണ് സംഭവം. കാമുകനുമായുള്ള രഹസ്യ ബന്ധം എതിർത്തതിന്റെ വൈരാഗ്യത്തിൽ യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബികയെ (32) പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അംബിക കുട്ടിയെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇവർ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ട്. മുതുകടഹള്ളിയിലെ മാന്തോപ്പിൽ മൃതദേഹം കുഴിച്ചിട്ടെന്നാണ് യുവതി നൽകിയ മൊഴിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്ന് ചിക്കബെല്ലാപുര പേരെസാന്ദ്ര പൊലീസ് അറിയിച്ചു.
ഏതാനും നാളുകളായി അംബികയും പ്രദേശത്തെ ഒരു യുവാവും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ മൂത്ത സഹോദരി അനിത ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് അനിത പേരെസാന്ദ്ര പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബെംഗളൂരു കബൺപാർക്ക് പൊലീസിന്റെ പിടിയിലായത്.
പിന്നീട് ഇവരെ പേരെസാന്ദ്ര പൊലീസിന് കൈമാറി. ആ സമയത്ത് അനിതയുടെ രണ്ടാമത്തെ കുട്ടി ഇവർക്കൊപ്പമുണ്ടായിരുന്നു. മൂത്തകുട്ടിയെ കൊലപ്പെടുത്തിയതായും ഇവർ പൊലീസിനോട് പറഞ്ഞു. ബെംഗളൂരുവിലെ ഓട്ടോക്കാരനാണ് അംബികയെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബിക ഫോണിൽ സംസാരിക്കുന്നതുകേട്ടാണ് ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചത്. ഉടൻതന്നെ കബൺ പാർക്ക് പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചോയെന്ന് പരിശോധിച്ചുവരികയാണെന്നും ചിക്കബെല്ലാപുര എസ്പി. ഡി.എൽ. നാഗേഷ് പറഞ്ഞു.