ചെന്നൈ: ചെന്നൈയിലെ മലയാളി നഴ്‌സിങ് വിദ്യാർത്ഥിനി ഫൗസിയയുടെ കൊലപാതകത്തിൽ കലാശിച്ചത് ആഷിഖിന്റെ ഫോണിൽ കണ്ട ഫോട്ടോയെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്. ആഷിഖിന്റെ ഫോണിൽ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി നിൽക്കുന്ന ചിത്രം ഫൗസിയ കണ്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ കലഹിക്കുകയും അതുകൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20) കൊല്ലപ്പെട്ട കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിലിൽ ആഷിഖിനെയാണ് (21) അറസ്റ്റ് ചെയ്തത്. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ചിത്രമെടുത്ത് വാട്‌സാപ്പിൽ സ്റ്റേറ്റസിടുകയായിരുന്നു. ചെന്നൈയിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് ഫൗസിയ. ഫൗസിയയുടെ കാമുകനായ ആഷിഖ് ഫൗസിയയെ കാണാനായാണ് ചെന്നൈയിലെത്തിയത്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആഷിഖിന്റെ ഫോണിൽ ഇയാൾ മറ്റൊരു പെൺകുട്ടിയോടൊത്തു നിൽക്കുന്ന ഫോട്ടോ ഫൗസിയ കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. തുടർന്ന് ഫൗസിയയെ മർദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ആഷിഖ് വാട്‌സാപ്പിൽ സ്റ്റേറ്റസ് ഇട്ടതോടെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.

ആഷിഖ് നേരത്തെ പോക്‌സോ കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഷിഖിനും ഫൗസിയയ്ക്കും ഒരു കുട്ടിയുണ്ടെന്നും കുഞ്ഞിനെ കർണാടക ചിക്കമഗളൂരുവിലെ അനാഥാലയത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ഫൗസിയ ഗർഭിണിയായതിനെ തുടർന്ന് പോക്‌സോ കേസിൽ അറസ്റ്റിലായ ആഷിഖ് ഈയിടെയാണ് ജയിൽമോചിതനായത്.

ഇതു ശ്രദ്ധയിൽപെട്ട ഫൗസിയയുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ആഷിഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ സ്റ്റേഷനു സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്.