ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ സ്‌കൂൾ അദ്ധ്യാപകനെ കാറിടിച്ച് കൊലപ്പെടുത്തി കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘാംഗവും അറസ്റ്റിൽ. സ്‌കൂൾ അദ്ധ്യാപകന്റെ ഭാര്യ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് പൊലീസ് തെളിയിച്ചത്. കാൻപുരിലെ സുജൻപുർ സ്വദേശിയും പ്രൈമറി സ്‌കൂൾ അദ്ധ്യാപകനുമായ രാജേഷ് ഗൗത(40)ത്തിന്റെ അപകടമരണമാണ് വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തിൽ അദ്ധ്യാപകന്റെ ഭാര്യയും ഇവരുടെ കാമുകനും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രാജേഷിന്റെ പേരിലുള്ള 45 കോടി രൂപയുടെ സ്വത്തും മൂന്നുകോടി രൂപയുടെ ഇൻഷുറൻസ് തുകയും കൈക്കലാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു ഊർമിള പദ്ധതിയിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

നവംബർ നാലാം തീയതി പ്രഭാതസവാരിക്കിടെയാണ് രാജേഷ് ഗൗതം കാറിടിച്ച് മരിച്ചത്. സംഭവം അപകടമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പൊലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിൽ ചുരുളഴിയുകയായിരുന്നു. രാജേഷിന്റെ ഭാര്യ പിങ്കി എന്ന ഊർമിള കുമാരി(32) കാമുകൻ ശൈലേന്ദ്ര സൊങ്കാർ(34) കൂട്ടാളിയും ക്വട്ടേഷൻ സംഘാംഗവുമായ വികാസ് സൊങ്കാർ(34) എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഊർമിളയും കെട്ടിടനിർമ്മാണ തൊഴിലാളിയായ ശൈലേന്ദ്രയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. നവംബർ നാലാം തീയതി പ്രഭാതസവാരിക്കിറങ്ങിയ രാജേഷിനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ പിന്നീട് ഒരു മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ ഇതുവഴിയെത്തിയ മറ്റൊരു കാറിൽ കടന്നുകളയുകയും ചെയ്തു.

സംഭവത്തിൽ രാജേഷിന്റെ ഭാര്യ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംശയം തോന്നിയ പൊലീസ് സംഘം കേസിൽ വിശദമായ അന്വേഷണത്തിനായി നാലുസംഘങ്ങളെ നിയോഗിച്ചു. തുടർന്ന് നിരീക്ഷണ ക്യാമറകളടക്കം പരിശോധിച്ചതോടെ ചില നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു. ഇതോടെ ഊർമിള അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

നാലുലക്ഷം രൂപയ്ക്കാണ് ഡ്രൈവർമാരായ വികാസ്, സുമിത് എന്നിവർക്ക് ഊർമിള ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നവംബർ നാലാംതീയതി ഭർത്താവ് വീട്ടിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഊർമിള കാമുകനായ ശൈലേന്ദ്രയെ വിവരമറിയിച്ചു. തുടർന്ന് ഇയാൾ വികാസിനും വിവരം കൈമാറി. വികാസ് ഓടിച്ച കാറാണ് രാജേഷിനെ ഇടിച്ചിട്ടത്. തൊട്ടുപിന്നാലെ മറ്റൊരു കാറിൽ കൂട്ടാളിയായ സുമിതും സ്ഥലത്തെത്തി. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

2012-ലാണ് രാജേഷും ഊർമിളയും വിവാഹിതരാകുന്നത്. അദ്ധ്യാപകനായ രാജേഷിന് റിയൽ എസ്റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നു. കുടുംബസ്വത്ത് ഉൾപ്പെടെ ഏകദേശം 45 കോടി രൂപ വിലവരുന്ന വസ്തുവകകളാണ് ഇദ്ദേഹത്തിനുണ്ടായിരുന്നു.

2021-ൽ കൊയ്ലാനഗറിലെ വസ്തുവിൽ രാജേഷ് കെട്ടിടം നിർമ്മിച്ചിരുന്നു. ഇവിടെ ജോലിക്കെത്തിയ തൊഴിലാളിയായിരുന്നു ശൈലേന്ദ്ര. ജോലിക്കിടെ രാജേഷിന്റെ വീട്ടിലും ഇയാൾ പതിവായി സന്ദർശനം നടത്തിയിരുന്നു. ഇതിനിടെയാണ് ഊർമിളയും ശൈലേന്ദ്രയും അടുപ്പത്തിലായതെന്നും രാജേഷ് ഇക്കാര്യമറിഞ്ഞതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ പ്രതികൾ തീരുമാനിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.