കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതും കുറ്റകൃത്യം ആസൂത്രണം ചെയ്തതും പിടിയിലായ മൂന്നംഗ കുടുംബമാണെന്ന് പൊലീസ് പറയുന്നത് പൂർണ്ണമായും വിശ്വസിക്കാനാകാതെ മലയാളികൾ. എന്നാൽ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്ന കഥയുടെ വിശ്വസനീയതയെച്ചൊല്ലി വിവിധ കേന്ദ്രങ്ങളിൽനിന്നും സംശയമുയർന്നിട്ടുണ്ട്. കഥയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒട്ടേറെയാണ്. കടം തീർക്കാനായിരുന്നു ആസൂത്രണം. എന്നാൽ ആഞ്ചു കോടി കടമുള്ള ആൾ 10 ലക്ഷത്തിന് വേണ്ടി ഇത്തരമൊരു കൃത്യം ചെയ്യുമോ എന്നത് സംശയമായി തുടരുന്നു. അവയവ മാഫിയയും നരബലിയും കുട്ടിക്കടത്തുമെല്ലാം ആളുകളുടെ മനസ്സിൽ സംശയമായുണ്ട്. തൽകാലം പൊലീസ് അതിലേക്ക് അന്വേഷണം കൊണ്ടു പോകില്ല.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ (52), ഭാര്യ അനിതകുമാരി (45), മകൾ അനുപമ (20) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരല്ലാതെ മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും കുട്ടിയുടെ അച്ഛന് ഒരു പങ്കുമില്ലെന്നും എ.ഡി.ജി.പി. എം.ആർ.അജിത്കുമാർ പറഞ്ഞു. പത്മകുമാറും കുടുംബവും ഇത്ര നിസ്സാരമായ തുകയ്ക്കുവേണ്ടി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുമോ, ഇതുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എവിടെവരെയായി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണ്.

ഏക മകളെയും ഭാര്യയെയും നിസ്സാരമായ തുകയ്ക്കുവേണ്ടി ഇത്ര വലിയ കുറ്റകൃത്യത്തിൽ പങ്കാളിയാക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎ. അടക്കമുള്ളവരുടെ പ്രതികറണം സജീവ ചർച്ചയായി. അഞ്ചുകോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ 'റാംജിറാവ് സ്പീക്കിങ്' എന്ന പഴയ തമാശ സിനിമയിലെപ്പോലെ മണ്ടൻ നീക്കമായിരുന്നു പ്രതികളുടേതെന്നാണ് വിമർശനങ്ങളോട് പൊലീസിന്റെ അനൗദ്യോഗിക പ്രതികരണം. ഈ സിനിമ പലവട്ടം കണ്ട ശേഷമാണ് കിഡ്‌നാപ്പിങ് ആസൂത്രണം ചെയ്തത്. തട്ടിക്കൊണ്ടു പോകലുകാർ എങ്ങനെ ആകരുതെന്ന് മലയാളിയെ കാണിച്ചു തന്നെ ചിത്രമായിരുന്നു 'റാംജിറാവ് സ്പീക്കിങ്' എന്നതും വസ്തുതയാണ്.

തട്ടിക്കൊണ്ടുപോയ ദിവസം കുട്ടിയുടെ വീട്ടിലേക്കു വന്ന ഫോൺവിളി ശബ്ദം കേസിൽ വഴിത്തിരിവായി. ശബ്ദം അനിതയുടേതാണെന്നു സംശയിച്ച്, ഒരു വ്യക്തി പൊലീസിനെ അറിയിച്ചു. അന്വേഷിച്ചു ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരുന്നു. വീട്ടുടമ പത്മകുമാറിന്റെ ഫോൺ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സമയത്ത് ഫോൺ കൊല്ലം നഗരത്തിലുണ്ടായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ തെങ്കാശി ഭാഗത്തായി. ഇതും അന്വേഷണത്തിൽ നിർണണായകമായി.

രേഖാചിത്രത്തിലെ സാദൃശ്യം സംശയം ബലപ്പെടുത്തി. ചിത്രം കാണിച്ച് കുട്ടിയെക്കൊണ്ടുതന്നെ ഉറപ്പു വരുത്തിയതായും വിവരമുണ്ട്. കുട്ടിയെ ഉപേക്ഷിച്ചശേഷം തത്കാലം മാറിനിൽക്കാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. തെങ്കാശിയിൽ മുറിയെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പുളിയറയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവേയാണ് പ്രതികളെ പിടികൂടുന്നത്. യാത്രയിൽ പ്രതികൾ മൊബൈൽ ഉപയോഗിച്ചിരുന്നില്ല. പിടികൂടിയപ്പോൾ പത്മകുമാറിന്റെ ഫോണിൽ വ്യാജ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കണ്ടതും പൊലീസിന് സഹായകമായി.