പനാജി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിലാകുമ്പോൾ ആശ്വാസം പൊലീസിന്. നിരവധി കേസുകളിൽ പ്രതിയായ ഓം പ്രകാശിനെ ഗോവയിൽ നിന്നാണ് കേരള പൊലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്ത്രപരമായ നീക്കത്തിന് ഒടുവിലാണ് അറസ്റ്റ്. ഓംപ്രകാശിനെ പിടിക്കാൻ കഴിയാത്തത് പൊലീസിനെതിരെ ആരോപണമായി ഉയർന്നിരുന്നു. അതിനിടെയാണ് അറസ്റ്റുണ്ടാകുന്നത്.

തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ പ്രതിയാണ് ഓം പ്രകാശ്. ഈ കേസിൽ വധശ്രമത്തിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ, ഓം പ്രകാശ് ഒളിവിലായി. കേരളം വിട്ട ഓംപ്രകാശ് നേപ്പാൾ വഴി രാജ്യം വിട്ടെന്ന അഭ്യൂഹവും സജീവമായി. ഇതിനിടെയാണ് അറസ്റ്റ്. വിദേശത്ത് കടന്നുവെന്ന് സംശയിച്ച പ്രതി ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത് നിർണ്ണായകമായി. ഗുണ്ടകൾക്കിടയിലെ ചേരി പോരിൽ നിന്നാണ് ഈ വിവരം പൊലീസിന് ചോർന്ന് കിട്ടിയത്. ഇതോടെ കൃത്യം സ്ഥലത്തെത്താൻ പൊലീസിനായി. ഓം പ്രകാശുമായി പൊലീസ് സംഘം നാളെ തിരുവനന്തപുരത്തെത്തുമെന്നാണ് കരുതുന്നത്.

ഓംപ്രകാശിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് പാറ്റൂരിൽ ഏറ്റുമുട്ടലുണ്ടായത്. എയർപോർട്ട് സാജന്റെ മകന്റെ ടീമുമായിട്ടായിരുന്നു ഈ ഏറ്റുമുട്ടൽ. മറ്റൊരു കേസിൽ കുടുങ്ങിയ എയർപോർട്ട് സാജന്റെ മകൻ ഗൾഫിലേക്ക് രക്ഷപ്പെട്ടതും പൊലീസിന് തലവേദനയായിരുന്നു.

കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഓംപ്രകാശ് കുടുങ്ങുന്നത്. കവടിയാർ കേന്ദ്രീകരിച്ച് ചെറിയതോതിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് നിഥിൻ. ഇതേ രംഗത്ത് നിൽക്കുന്ന ആരിഫ്, ആസിഫ് എന്നിവരും നിഥിനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കണ്ണേറ്റ് മുക്ക് പീപ്പിൾസ് നഗറിൽ ആസിഫിന്റെയും ആരിഫിന്റെയും വാടകവീട്ടിൽ രാത്രി പത്തരയോടെ നിഥിന്റെ നേതൃത്വത്തിൽ അക്രമം നടത്തിയിരുന്നു. സംഭവശേഷം നിഥിനും സംഘവും ശംഖുംമുഖം ഭാഗത്തേക്ക് കടന്നു. ഇതിന് പ്രതികാരം ചെയ്യാൻ നിഥിനെ പിന്തുടർന്നുവന്ന ഓംപ്രകാശും സംഘവും പുലർച്ചെ പാറ്റൂരിൽ വച്ച് ഇവരുടെ ഇന്നോവ കാർ കുറുകെയിട്ട് തടഞ്ഞശേഷം വടിവാളും വെട്ടുകത്തിയുമായി ഇറങ്ങി കാറിന്റെ ഗ്‌ളാസുകൾ തല്ലി തകർത്തശേഷം വാഹനത്തിലുണ്ടായിരുന്ന നിഥിനെ തലയ്ക്ക് വെട്ടുകയായിരുന്നു.

.സാമ്പത്തിക ഇടപാടുകളെ ചൊല്ലി നിഥിനും ഓംപ്രകാശും തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന വിധത്തിലുള്ള ചില വിവരങ്ങളും പൊലീസിന് ലഭിച്ചു. ഓം പ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. പാറ്റൂരിൽ എതിർ ചേരിയിൽപ്പെട്ട നിഥിനെ ആക്രമിച്ച ശേഷം കയ്യിൽപുരണ്ട രക്തത്തിന്റെ ചിത്രങ്ങൾ ഗുണ്ടാ സംഘം വാട്സ് ആപ്പ് വഴി ഓം പ്രകാശിന് അയച്ചുകൊടുത്തിരുന്നു. ഇങ്ങനെ പിടിയിലായവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം മനസിലാക്കിയത്. ഗുണ്ടകൾക്കായി ഇടനില നിന്ന പൊലിസുകാരെ കുറിച്ചും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ചിരുന്നു.

കേസിൽ ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സുഹൃത്തായ സൽമാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോണ് പരിശോധിച്ചപ്പോഴാണ് ഓം പ്രകാശിനെതിരായ കൂടുതൽ വിവരങ്ങൾ കിട്ടിയത്. നിധിനെയും കൂട്ടുകാരെയും ആക്രമിച്ചപ്പോൾ അക്രമികളുടെ കൈകളിലും രക്തം പുരണ്ടു. ഈ ഫോട്ടോകളാണ് ഓം പ്രകാശിന് വാട്സ് ആപ്പ് വഴി അയച്ചുകൊടുത്തതെന്നാണ് കണ്ടെത്തൽ. ആക്രമണ സമയത്ത് ഓം പ്രകാശ് കാറിലുണ്ടായിരുന്നുവെന്നാണ് നിധിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ പേട്ട പൊലിസ് എട്ടാം പ്രതിയാക്കിയത്.