- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; വധഭീഷണി മുഴക്കി കവർന്നത് മൊബൈൽ ഫോണുകളും സ്വർണവും അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ: നിയമ വിദ്യാർത്ഥിനിയും സംഘവും അറസ്റ്റിൽ
കൊച്ചി: പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ നിയമ വിദ്യാർത്ഥിനിയും സംഘവും പൊലീസ് പിടിയിലായി. കവർച്ചയ്ക്ക് ശേഷം കേരളം വിട്ട പ്രതികൾ തിരിച്ചെത്തിയതോടെ പൊലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായി വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം 15ന് രാത്രി 12 നായിരുന്നു നിയമ വിദ്യാർത്ഥിനിയും സംഘവും ഹോസ്റ്റലിൽ കയറി ആക്രമണം നടത്തിയത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി അഞ്ച് മൊബൈൽ ഫോണുകളും സ്വർണമാല, മോതിരം തുടങ്ങിയവയും കവർന്നെന്നാണ് ഇവർക്കെതിരായ കേസ്.
എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സൺ ഫ്രാൻസിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബൽ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരൻ വഴി ഹോസ്റ്റലിൽ എത്തി സെജിൻ സംസാരിച്ചിരിക്കെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പൊലീസ് സ്ക്വാഡ് ആണെന്ന വ്യാജേന ജയ്സണും കയിസും അതിക്രമിച്ചു കയറി മൊബൈലുകളും സ്വർണാഭരണങ്ങളും കവരുകയായിരുന്നു.
പ്രതികൾ ഹോസ്റ്റലിനുള്ളിൽ കയറിയപ്പോൾ കാറിനുള്ളിലിരുന്ന സ്ത്രീയെ നിരീക്ഷണത്തിന് ഏൽപിച്ചായിരുന്നു കവർച്ചയും കയ്യേറ്റവും. കവർച്ചയ്ക്ക് ശേഷം സംഘം നാടുവിട്ടു. ഊട്ടി, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഒന്നിന് തൃശൂരിൽ എത്തിയതായുള്ള വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട പൊലീസിന്റെ സഹായത്തോടെ വാഹനം തടയുകയായിരുന്നു. പ്രതികൾ കടന്നുകളയാൻ ശ്രമിച്ചപ്പോൾ ഓടിച്ചു കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
മറുനാടന് മലയാളി ബ്യൂറോ