കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കടന്ന പതിമൂന്നു വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിക്കുന്ന എൺപത്തിയെട്ടുകാരിയായ രാമത്തായ് ആണ് 13 വയസ്സുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മോഷണം നടത്തുന്നതിനായാണ് കുട്ടി കൊലപാതകം നടത്തിയത്. രാമത്തായിയെ കൊലപ്പെടുത്തിയത് വെറും 13 വയസ്സുള്ള കുട്ടിയാണെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് നാട്ടകാരും ബന്ധുക്കളുംം.

കഴിഞ്ഞ 24-ആം തീയതിയാണ് കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിച്ചിരുന്ന രാമത്തായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമായാണ് ആദ്യം കണക്കാക്കിയത്. ദേഹത്ത് അടിയേറ്റ പരിക്കുകൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തേനി ജില്ലയിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തു. സമീപത്ത് താമസിക്കുന്നവരും ബന്ധുക്കളുമായ നിരവധി പേരെയും ചോദ്യം ചെയ്‌തെങ്കിലും കേസിൽ പുരോഗതി ഉണ്ടായില്ല.

ഇതിനിടെയാണ് സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിരലടയാങ്ങൾ കുട്ടികളുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സമീപത്ത് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് 13കാര് പിടിവീണത്. തെരുവിലെ താമസക്കാരനായ പതിമൂന്നുകാരൻ മുമ്പ് ചെറിയ ചില മോഷണങ്ങൾ നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ചോദ്യം ചെയ്തപ്പോൾ കുട്ടി കുറ്റം സമ്മതിക്കുക ആയിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ രാമത്തായിയുടെ വീട്ടിൽ നിന്നും നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തി. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

തനിച്ചു താമസിച്ചിരുന്ന രാമത്തായി ചെറിയ കച്ചവടം നടത്തിയാണ് കഴിഞ്ഞിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരുടെ പക്കൽ പണവും ആഭരണങ്ങളുമുണ്ടെന്ന് കരുതിയ പതിമൂന്നുകാരൻ മോഷണത്തിന് പദ്ധതി ഒരുക്കി. സംഭവ ദിവസം ഇവരുടെ വീട് തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി രാമതതായിയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.

എന്നാൽ വയോധിക ഇവനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചു. പിടിവലിക്കിടെ വയോധിക തറയിൽ തലയടിച്ചു വീണ് ബോധം കെട്ടു. ഉണർന്നെണീറ്റാൽ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭയന്ന പതിമൂന്നുകാരൻ കമ്പുപയോഗിച്ച് ഇവരുടെ മുഖത്തും നെഞ്ചത്തുമൊക്കെ അടിച്ചു. പരിക്കേറ്റ വയോധിക വീട്ടിൽ വച്ച് മരിച്ചു. തുടർന്ന് ആലമാര തുറന്ന് മാലയുമെടുത്ത് വീട്ടിലേക്ക് പോയി. മോഷ്ടിച്ച മാല മുക്കുപണ്ടമായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.