- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിലായവർ കൊച്ചിയിൽ പലയിടത്തായി ഒരുമിച്ച് കഴിഞ്ഞത് ഒന്നര വർഷത്തോളം; കുട്ടി പിറന്നതോടെ പിതൃത്വത്തിൽ കണ്ണൂരുകാരന് സംശയം; ആലപ്പുഴക്കാരിയുടെ മുന്നിലിട്ട് ഒന്നര മാസമുള്ള കുഞ്ഞിനെ കൊന്ന് ഷാനിഫിന്റെ ക്രൂരത; ആ കമിതാക്കൾ കുറ്റസമ്മതം നടത്തി; അശ്വിനിയും പ്രതിയായേക്കും
കൊച്ചി: കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റേതുകൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് അന്വേഷണ പരിധിയിലാണ്. ഷാനിഫാണ് കുട്ടിയെ കൊന്നതെന്ന് അമ്മയും സമ്മതിച്ചു. തനിക്ക് പങ്കില്ലെന്നാണ് അമ്മയുടെ മൊഴി.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതാണ് നിർണ്ണായകമായത്. സംശയം തോന്നി ഡോക്ടറാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പൊലീസിന് നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പൊലീസ് സീൽ ചെയ്തു. കുട്ടി ജനിച്ച ശേഷം യുവാവിന് പിതൃത്വത്തിൽ സംശയമായി. ഇതാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താൻ കാരണം. ഒന്നര മാസം പ്രായമുള്ള കുട്ടിയെ ഇയാൾ കടിച്ചു ഉപദ്രവിച്ചുവെന്നും പൊലീസ് പറയുന്നുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് തെളിയിക്കാനാണ് തീരുമാനം.
ആലപ്പുഴ സ്വദേശിയാണ് അശ്വിനി. കണ്ണൂരിലാണ് ഷാനിഫിന്റെ വീട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. രണ്ടു പേരും കേസിൽ പ്രതിയാകുമെന്നാണ് സൂചന. ആശുപത്രിയിൽ കൊണ്ടു വന്ന കുട്ടിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അശ്വിനി പറഞ്ഞില്ല. ഈ സാഹചര്യത്തിൽ കൊലയിൽ പങ്കില്ലെങ്കിലും അവരും കേസിൽ പ്രതിയാകും.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നതും. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എളമക്കര പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം.
മറുനാടന് മലയാളി ബ്യൂറോ