കൊച്ചി: എളമക്കരയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ അമ്മയുടെ ആൺസുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. കുഞ്ഞ് ജനിച്ച് അന്നുമുതൽ കൊല്ലാൻ തീരുമാനിച്ചിരുന്നെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അതിനാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും പ്രതിയായ കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചതായും സംഭവത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സ്വാഭാവിക മരണത്തിലേക്ക് കുഞ്ഞിനെ തള്ളിവിടാനുള്ള ശ്രമങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ജനിച്ച ശേഷം പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചു, വാരിയെല്ലിനുൾപ്പെടെ ക്ഷതമുണ്ടാക്കി. കട്ടിലിൽനിന്നു വീണ് പരുക്കുപറ്റി എന്ന തരത്തിൽ ആശുപത്രിയിൽ എത്തിച്ച് പിന്നീട് ന്യൂമോണിയ ഉൾപ്പെടെ ബാധിച്ച് മരിച്ചു എന്ന തരത്തിൽ ചിത്രീകരിക്കാനായിരുന്നു ഷാനിഫിന്റെ ശ്രമം.


കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ചാണ് ഷാനിഫ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാൻ ശരീരത്തിൽ കടിച്ചുനോക്കിയെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നൽകിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ ചേർത്തല സ്വദേശിയായ കുഞ്ഞിന്റെ അമ്മക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ അമ്മയും സുഹൃത്ത് ഷാനിഫും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

പങ്കാളി അശ്വതിയെ മതം മാറ്റാൻ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോൾ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. കുഞ്ഞിനെ വേണ്ട എന്ന് യുവതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും യുവതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ വാരിയെല്ലിന് പരുക്കുപറ്റിയതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ മുൻപും ഇയാൾ ശ്രമിച്ചിട്ടുണ്ടെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാൻ അമ്മ ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു. മാത്രമല്ല കൊലപാതകം മറച്ചുവയ്ക്കാനും ശ്രമങ്ങളുണ്ടായി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഇവർ ആശുപത്രിയിൽ എത്തിച്ചത്.

ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയിൽ കൊണ്ടുവന്നതാണെന്നും ഡോക്ടർമാരോട് പറഞ്ഞു. പിന്നീട് കുഞ്ഞ് കട്ടിലിൽനിന്ന് വീണതാണെന്നും പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട ഡോക്ടർമാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ചേർത്തല സ്വദേശിനിയായ യുവതിയും ഷാനിഫും പിന്നീട് പ്രണയത്തിലായി. നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന യുവതി ഷാനിഫിനെ പരിചയപ്പെടുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും പറയുന്നു. ഇരുവരും ഒന്നര വർഷമായി കൊച്ചിയിൽ പലയിടത്തും ഒരുമിച്ചു കഴിയുകയായിരുന്നു.

യുവതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും യുവതിയും ലോഡ്ജിൽ മുറിയെടുത്തതെന്നാണ് പൊലീസ് നൽകുന്നവിവരം. കുഞ്ഞിനെ കൊല്ലാൻപോകുന്ന കാര്യം ഷാനിഫ് യുവതിയോട് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും യുവതി ഇതിനെ എതിർക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം, പൊലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു യുവതിയുടെ മറുപടി. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാൽ, കൃത്യത്തിൽ കുഞ്ഞിന്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.

കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ സംശയത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നായിരുന്നു പ്രാഥമിക വിവരം.