- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്ക്കും മക്കൾക്കും മരുന്ന് കുത്തിവച്ചു; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; റായ്ബറേലിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഡോക്ടറും കുടുംബവും മരിച്ചനിലയിൽ; അന്വേഷണം തുടങ്ങി
ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. റായ്ബറേലി മോഡേൺ റെയിൽകോച്ച് ഫാക്ടറിയിലെ മെഡിക്കൽ ഓഫീസറും മിർസാപുർ സ്വദേശിയുമായ ഡോ. അരുൺകുമാർ, ഭാര്യ അർച്ചന, മകൾ ആദിവ(12) മകൻ ആരവ്(4) എന്നിവരെയാണ് റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഡോക്ടർ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെയായി ഡോക്ടർ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. അരുൺകുമാറും കുടുംബവും റെയിൽവേ കോളനിയിൽ താമസിക്കുന്നവരുമായി നല്ലരീതിയിലാണ് ഇടപെട്ടിരുന്നതെന്ന് സമീപവാസികളും പ്രതികരിച്ചു. കുടുംബപ്രശ്നങ്ങളാകാം സംഭവത്തിന് കാരണമായതെന്നും അയൽക്കാരനായ കമൽകുമാർ ദാസ് പറഞ്ഞു.
നേത്രരോഗ വിദഗ്ധനായ അരുൺകുമാർ റായ്ബറേലി കോച്ച് ഫാക്ടറിയിലാണ് ജോലിചെയ്തിരുന്നത്. ഡോക്ടറെയും കുടുംബത്തെയും സഹപ്രവർത്തകർ അവസാനമായി കണ്ടത് ഞായറാഴ്ചയായിരുന്നു. തുടർന്ന് രണ്ടുദിവസമായിട്ടും ഡോക്ടർ ഡ്യൂട്ടിക്ക് എത്തിയില്ല. ഇതോടെ സഹപ്രവർത്തകർ അരുൺകുമാറിനെ തിരഞ്ഞ് റെയിൽവേ ക്വാർട്ടേഴ്സിലെത്തി. എന്നാൽ, സഹപ്രവർത്തകർ ഏറെനേരം കോളിങ് ബെല്ലടിച്ചിട്ടും ആരുടെയും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയതോടെയാണ് നാലുപേരെയും ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
സംഭവസ്ഥലത്തുനിന്ന് ഒരു ചുറ്റികയും ചില ഇൻജക്ഷനുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ക്വാർട്ടേഴ്സിൽ രക്തക്കറയും ഉണ്ടായിരുന്നു. ഭാര്യയ്ക്കും മക്കൾക്കും മരുന്ന് നൽകിയശേഷം അരുൺകുമാർ ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
സംഭവത്തിന് ശേഷം ഡോക്ടർ കൈമുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ കൂടുതൽ വ്യക്തതലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകണമെന്നും പൊലീസ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്