- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം ചോദിക്കുമ്പോഴെല്ലാം അപമാനിച്ചു; ആക്രമിച്ചു; പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി; 37കാരനായ ഹോട്ടൽ ഉടമയെ 15കാരൻ തല്ലിക്കൊന്നു; ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്
ഒഡീഷ: മാസ ശമ്പളമായ 1500 രൂപ നൽകാതെ നിരന്തരം അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത തൊഴിലുടമയെ കൊലപ്പെടുത്തിയ പതിനഞ്ചു വയസുകാരൻ പിടിയിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂരിൽ ആണ് ശമ്പളം തരാതെ ബുദ്ധിമുട്ടിച്ചയാളെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഗോപാൽപൂരിൽ ഹോട്ടൽ നടത്തിയിരുന്ന 37കാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നവംബർ 29 ന് പുലർച്ചെയാണ് കൊലപാതകം നടന്നതെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഹോട്ടലുടമയുടെ മൃതദേഹം കണ്ടെത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.
1500 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു ഭഞ്ജനഗർ പ്രദേശത്തു നിന്നുള്ള 15 വയസുകാരൻ ഹോട്ടലിൽ ജോലിക്ക് ചേർന്നത്. എന്നാൽ ശമ്പളം കൊടുക്കാതെ ഹോട്ടലടുമ കുട്ടിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ജോലി നിർത്തി പോകാനൊരുങ്ങിയ കുട്ടിയെ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലിൽ തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു,
ഒടുവിൽ സഹികെട്ടാണ് കുട്ടി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നവംബർ 29 ന് പുലർച്ചെ ഹോട്ടലുടമ താമസിക്കുന്ന വാടക മുറിയിലെത്തിയ 15 വയസുകാരൻ ഉറങ്ങിക്കിടക്കുന്ന 37 കാരനെ ആദ്യം ഒരു സിമന്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് നിരവധി തവണ മർദ്ദിച്ചു.
ഇയാളുടെ മരണം ഉറപ്പാക്കിയ ശേഷം വാതിൽ പുറത്തു നിന്നും പൂട്ടി കുട്ടി സ്ഥലം വിട്ടു. രണ്ട് ദിവസമായി ഹോട്ടൽ തുറന്നിരുന്നില്ല. ഉടമ നാട്ടിൽ പോയതായാണ് പ്രദേശവാസികൾ കരുതിയിരുന്നത്. ഒടുവിൽ ഇയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി ഗഞ്ചം പൊലീസ് സൂപ്രണ്ട് അറിയിച്ചു.
മറുനാടന് ഡെസ്ക്