പത്തനംതിട്ട: തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മല്ലപ്പള്ളി സ്വദേശിനി നീതുവിനെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ചായിരുന്നു കൊലപ്പെടുത്തിയത്.

കൊലപാതകത്തിൽ നീതുവിന്റെ കാമുകനായ തൃശൂർ സ്വദേശിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. വെള്ളിയാഴ്ച രാവിലെയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ പുറത്തുള്ള സ്ഥാപനത്തിന്റെ കരാർ ജീവനക്കാരിയായി, നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

ഈ സ്ഥാപനം തന്നെ ജീവനക്കാർക്ക് എടുത്തു നൽകിയ ഹോസ്റ്റലിൽ വച്ചായിരുന്നു പ്രസവം. അമിതമായ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് സഹപ്രവർത്തകർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പ്രസവശേഷം കുഞ്ഞിനെ മടിയിൽ കിടത്തി തുടർച്ചയായി വെള്ളം മുഖത്തേക്ക് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അവിവാഹിതയായ നീതു ഗർഭിണി ആണെന്ന വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും മറച്ചു വെക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഒന്നും പുറത്ത് അറിയാതിരിക്കാനാണെന്നാണ് സൂചന.