പത്തനംതിട്ട: തിരുവല്ലയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ ശുചിമുറിയിൽ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താൻ ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ ഇരുപതുകാരിയായ നീതു.

ക്ലോസറ്റിൽ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയിൽ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഗർഭിണിയായത് മറച്ചുവെക്കാൻ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു.

സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്‌മോർട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതിൽ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പൊലീസിനോട് സമ്മതിച്ചു.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയാണ് നീതു. ആശുപത്രിയിലെ മുൻജീവനക്കാരനായ കാമുകനിൽ നിന്ന് ഗർഭിണിയായത് ഇവർ മറച്ചുവെയ്ക്കുകയായിരുന്നു.

കൊലപാതകത്തിൽ നീതുവിന്റെ കാമുകനായ തൃശൂർ സ്വദേശിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. വെള്ളിയാഴ്ച രാവിലെയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ പുറത്തുള്ള സ്ഥാപനത്തിന്റെ കരാർ ജീവനക്കാരിയായി, നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

ഈ സ്ഥാപനം തന്നെ ജീവനക്കാർക്ക് എടുത്തു നൽകിയ ഹോസ്റ്റലിൽ വച്ചായിരുന്നു പ്രസവം. അമിതമായ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് സഹപ്രവർത്തകർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പ്രസവശേഷം കുഞ്ഞിനെ മടിയിൽ കിടത്തി തുടർച്ചയായി വെള്ളം മുഖത്തേക്ക് ഒഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അവിവാഹിതയായ നീതു ഗർഭിണി ആണെന്ന വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും മറച്ചു വെക്കുകയായിരുന്നു.