- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ; പിടികൂടിയത് യുവതിയെ ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ: ഷബ്നയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പൊലീസ് കസ്റ്റഡിയിൽ. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌നയുടെ മരണത്തിലാണ് ഭർത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹബീബിന്റെ അമ്മാവൻ ഹനീഫയെ ആണ് ഇന്നലെ വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ യുവതിയെ മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.
ഷബ്‌നയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഹനീഫയെ ഇന്നലെ രാത്രി ഏഴോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഷബ്‌നയെ ഹനീഫ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
കേസിൽ സ്ത്രീധന നിരോധന വകുപ്പ് (498 എ) ഉൾപ്പെടെ പൊലീസ് കൂട്ടിച്ചേർത്തു. നേരത്തേ അസ്വഭാവിക മരണത്തിന് ആയിരുന്നു എടച്ചേരി പൊലീസ് കേസെടുത്തിരുന്നത്. അതേസമയം, കേസ് അന്വേഷണത്തിന്റെ ചുമതല വടകര ഡിവൈഎസ്‌പി ആർ.ഹരിപ്രസാദിന് കൈമാറി. പൊലീസ് അരൂരിലെ വീട്ടിലെത്തി ഷബ്‌നയുടെ ഉമ്മ മറിയം, മകൾ, ബന്ധുക്കൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ പുളിയം വീട്ടിൽ ഷബ്‌നയെ, ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷബ്‌നയുടെ ഭർത്താവ് ഹബീബ് പ്രവാസിയാണ്. പത്തു വർഷം മുൻപായിരുന്നു ഹബീബുമായുള്ള ഷബ്നയുടെ വിവാഹം. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി എന്നിവർ ഷബ്‌നയുടെ വീട് സന്ദർശിച്ച് പിന്തുണ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ