- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ നൂറ് മീറ്റർ അകലെ കാത്തുകിടന്നു; ആറു വയസ്സുകാരിയെ കാറിൽ വലിച്ചു കയറ്റിയത് മുൻസീറ്റിലിരുന്ന അനിതകുമാരി; ഒയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ രീതി തെളിവെടുപ്പിനിടെ വിവരിച്ച് പ്രതികൾ; പോളച്ചിറയിലെ ഫാം ഹൗസിൽ സ്‌കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്‌സും കണ്ടെത്തി
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. പ്രതികൾ കത്തിച്ചു തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുട്ടിയുടെ സ്‌കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്‌സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ കണ്ടെടുത്തത്.
കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പർ പ്ലേറ്റ് ആറ്റിൽ കളഞ്ഞെന്നുമായിരുന്നു പ്രതികൾ മൊഴി നൽകിയിരുന്നത്. പ്രതികൾ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്താൻ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലുമെത്തിച്ച് ഇന്ന് തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്‌നാട്ടിലെ പുളിയറ, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുക്കും.
അതേ സമയം ഒയൂർ ഓട്ടുമലയിൽ തെളിവെടുപ്പിനിടെ കാറിൽ കാത്തു കിടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ രീതി അന്വേഷണ സംഘത്തോടു പ്രതികൾ വിവരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് മൂവരെയുമെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 3.55ന് കനത്ത പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ ഓട്ടുമലയിൽ എത്തിച്ചത്. വിവരമറിഞ്ഞു നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും അടക്കം നൂറുകണക്കിനു പേർ പ്രദേശത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ പ്രതികളെ കൂവി വിളിച്ചു. പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ മുത്തച്ഛനും പൊലീസ് വാഹനത്തിന് അടുത്തെത്തി.
കാർ നിർത്തിയിട്ടിരുന്ന സ്ഥലത്തും കുട്ടിയെ പിടിച്ചു കയറ്റിയ സ്ഥലത്തും പത്മകുമാറിനെയും ഭാര്യ അനിതകുമാരിയെയും പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കി നിർത്തി. അനുപമയെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. കഴിഞ്ഞ 27ന് വൈകിട്ട് 4.15ന് കുട്ടികൾ സമീപത്തെ വീട്ടിൽ ട്യൂഷനു പോകുമെന്നു മനസ്സിലാക്കി, കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ കാറിലെത്തി 100 മീറ്റർ അകലെ കാത്തു കിടന്നെന്നു പ്രതികൾ മൊഴി നൽകി. കുട്ടികൾ നടന്നു വരുന്നത് മനസ്സിലാക്കി കാർ പതുക്കെ മുന്നോട്ടെടുത്തു തൊട്ടടുത്തു നിർത്തി. മുൻസീറ്റിലിരുന്ന അനിതകുമാരി ഡോർ തുറന്നു പെൺകുട്ടിയെ കാറിൽ വലിച്ചു കയറ്റി.
കുട്ടിയുടെ സഹോദരൻ തടയാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ അടച്ച ശേഷം വിട്ടുപോകുകയായിരുന്നെന്ന് അനിതകുമാരി പറഞ്ഞു. കാറിൽ കുട്ടിയെ പിടിച്ചുകയറ്റുന്ന സമയത്ത് ഒരു കുറിപ്പ് കുട്ടിയുടെ സഹോദരനു കൈമാറാൻ ശ്രമിച്ചെങ്കിലും പിടിവലിക്കിടെ അതു കാറിൽ അകപ്പെട്ടെന്നും മൊഴി നൽകി. ഈ സമയം കാറിൽ വേറെ ആരുണ്ടെന്നുള്ള ചോദ്യത്തിനു മറുപടിയായി മകൾ അനുപമ പുറകിലെ സീറ്റിൽ ഉണ്ടായിരുന്നുവെന്ന് അനിത മറുപടി നൽകി. അര മണിക്കൂറിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, തട്ടിക്കൊണ്ടുപോകലിൽ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസിൽ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയിൽ മാസങ്ങൾ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഓയൂരിൽ നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികൾ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയത്. വിപുലമായ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസിലെ ദുരൂഹത നീക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ