ഛണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായ പതിമൂന്നുകാരിയെ ക്രൂരമായി മർദിക്കുകയും നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വീട്ടുടമയും മക്കളും കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

വീട്ടുജോലിക്കാരിയായ പതിമൂന്നുകാരിക്ക് ഉടമയുടെയും മക്കളുടെയും ക്രൂരമർദ്ദനമാണ് ദിവസവും ഏൽക്കേണ്ടിവന്നത്. ശരീരമാസകലം പരുക്കേറ്റ പെൺകുട്ടിയെ വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സെക്ടർ 57ൽ താമസിക്കുന്ന ശശി ശർമ്മ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ അമ്മ രക്ഷപ്പെടുത്തിയത്.

മകളെ കാണാനോ സംസാരിക്കാനോ വീട്ടുടമയായ ശശി ശർമ്മ സമ്മതിക്കാതായതോടെയാണ് കുട്ടിയുടെ അമ്മ അവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയുമായി മകളെ കാണാനെത്തിയത്.

ശശി ശർമ്മയും രണ്ട് ആൺമക്കളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിരിക്കുന്ന കാഴ്ചയാണ് മകളെ തേടിയെത്തിയ അമ്മയ്ക്ക് കാണാൻ സാധിച്ചത്. കുട്ടി ഒച്ചയുണ്ടാക്കി ആരെയും അറിയിക്കാതിരിക്കാൻ വായിൽ ടേപ്പും ഒട്ടിച്ചിരുന്നു. അമ്മയും കൂടെ വന്ന സഹായിയും ചേർന്ന് കുട്ടിയെ ഉടനെ വീട്ടുടമയിൽ നിന്നും രക്ഷിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശശി ശർമ്മയും ആൺമക്കളും ചേർന്ന് കുട്ടിയെ ഇരുമ്പുവടിയും ചുറ്റികയും ഉപയോഗിച്ച് അടിക്കാറുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. കൂടാതെ നായയെ കൊണ്ട് കടിപ്പിച്ചതായും വസ്ത്രങ്ങൾ വലിച്ചൂരി വിഡിയോ ചിത്രീകരിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകി. ശശി ശർമ്മയുടെ അറിവോടുകൂടി തന്നെ ആൺമക്കൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

കുട്ടിക്ക് 48 മണിക്കൂർ കൂടുമ്പോൾ മാത്രമാണ് വീട്ടുടമ ഭക്ഷണം നൽകിയിരുന്നത്. ഇടയ്ക്കിക്ക് കൈകളിൽ ആസിഡ് തളിച്ച് പൊള്ളിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂൺ 27നാണ് 13കാരിയായ പെൺകുട്ടിയെ അമ്മ വീട്ടുജോലിക്കായി ശശി ശർമ്മയുടെ പക്കൽ ഏൽപ്പിച്ചത്.

9000 രൂപയാണ് മാസശമ്പളമായി പറഞ്ഞിരുന്നത്. ആദ്യത്തെ രണ്ട് മാസം മാത്രമാണ് തനിക്ക് പണം ലഭിച്ചതെന്നും അതിനു ശേഷം മകളുമായി സംസാരിക്കാനോ നേരിൽ കാണാനോ വീട്ടുടമ അനുവദിച്ചിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ബിഹാർ സ്വദേശിയാണ് പെൺകുട്ടി. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ പൊലീസ് ശശി ശർമ്മയ്ക്കും ആൺമക്കൾക്കുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

ഇവരുടെ രണ്ട് ആൺകുട്ടികൾ ചേർന്ന് കുട്ടിയെ നിർബന്ധിച്ച് നഗ്‌നയാക്കുകയും മോശമായ രീതിയിൽ സ്പർശിച്ചു. കുട്ടിയെ നഗ്‌നയാക്കിയതിന് ശേഷം വീഡിയോ ചിത്രീകരിച്ചതായും പൊലീസ് അറിയിച്ചു.

വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ മുറിയിൽ തടവിലാക്കിയ പെൺകുട്ടിയെ കുട്ടിയുടെ അമ്മ മോചിപ്പിക്കുകയായിരുന്നു. 48 മണിക്കൂറിൽ ഒരിക്കൽ മാത്രമായിരുന്നു കുട്ടിക്ക് ഭക്ഷണം നൽകിയതെന്നും പൊലീസ് പറയുന്നു. തൊഴിലുടമകൾ അവളുടെ കൈയിൽ ആസിഡ് ഒഴിച്ചതായും പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.