ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാദ കുരുക്കിൽ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകൾ സീറാത് മൻ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മന്നിനെതിരേ മുൻ ഭാര്യയും ആരോപണവുമായി രംഗത്തുവന്നത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ പുറത്തുവിടുമെന്നാണ് മന്നിന്റെ മുൻ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഗ്രേവാൾ മന്നിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്.

'അയാളാണ് ഇത് ആരംഭിച്ചത്. എങ്ങനെ കളിക്കണമെന്ന് ഞാൻ അദ്ദേഹത്തിന് കാണിച്ചുതരാം. കാത്തിരിക്കുക'-ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രീത് ഗ്രെവാൾ കുറിച്ചു. കഴിഞ്ഞദിവസം, ഭഗവന്ത് മന്നിന്റെ മകൾ സീറാത് മൻ കൗറും അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മദ്യം കഴിച്ച് ഗുരുദ്വാരയിലേക്ക് പോകുന്നുവെന്നായിരുന്നു മകളുടെ ആരോപണം.

തന്റെയും സഹോദരന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിതാവ് വിസമ്മതിച്ചതായും മകൾ പറഞ്ഞു. ഒരു വ്യക്തിക്ക് രക്ഷിതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ, പഞ്ചാബിന്റെ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കാനാവുമെന്ന് സീറാത്് വിഡിയോയിൽ ചോദിക്കുന്നു.

ഭഗവത് മന്നിനെ പിതാവെന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി മൻ എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകൾ സീറാത് വിശദമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിഷയം പഞ്ചാബിലെ പ്രതിപക്ഷ കക്ഷികളും ഏറ്റെടുത്തിട്ടുണ്ട്. ഭഗവന്ത് മൻ രക്ഷിതാവിന്റെ ചുമതലകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആവശ്യമാണെങ്കിൽ മന്നിന്റെ രണ്ട് കുട്ടികളുടേയും സംരക്ഷണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയ പറഞ്ഞു. ശനിയാഴ്ചയാണ് മജീദിയ മന്നിന്റെ ആദ്യ ഭാര്യയുടേയും മകളുടേയും വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്.

മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2022 ജൂലൈയിൽ ഭഗവന്ത് മൻ പുനർവിവാഹം ചെയ്തിരുന്നു.