തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് മെഡിക്കൽ പിജി വിദ്യാർത്ഥിനി ഡോ ഷഹന ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് നിലവിൽ റുവൈസ്. റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണു വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 14 ദിവസത്തേക്കാണു റുവൈസിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണു ഷഹനയുമായി പ്രണയത്തിലായിരുന്ന റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. ഇത്രയും നൽകാനില്ലെന്നും അൻപതു ലക്ഷം രൂപയും അൻപത് പവൻ സ്വർണവും കാറും നൽകാമെന്ന് ഷഹനയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്റെ വീട്ടുകാർ വഴങ്ങിയില്ല. കുടുംബത്തിന്റെ തീരുമാനത്തെ എതിർക്കാൻ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹന ജീവനൊടുക്കുകയായിരുന്നു.

ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.

സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ ഫ്‌ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നും തെളിവുകൾ പൊലീസിന് ലഭിച്ചു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉൾപ്പെടെ ചർച്ച നടത്തിയിരുന്നു.

റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിന്റെ അച്ഛനെ കുറിച്ചാണ് മൊഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റൂവൈസും ബന്ധുക്കളും സ്വർണത്തിനും പണത്തിനുവേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും വ്യക്തമാണ്.

അതേ സമയം കേസിലെ രണ്ടാം പ്രതിയും ഡോ. റൂവൈസിന്റെ പിതാവുമായ അബ്ദുൽ റഷീദിനും കുടുംബത്തിനും മുങ്ങാൻ അവസരമൊരുക്കിയത് അന്വേഷണ സംഘത്തിന്റെ നിസംഗതയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. റുവൈസിനേക്കാൾ ബാപ്പയാണ് ഡോ ഷഹ്നയുടെ ആത്മഹത്യയിലെ പ്രധാന കുറ്റക്കാരൻ എന്ന് വ്യക്തമായി കഴിഞ്ഞു.

റൂവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും വാട്സാപ് ചാറ്റുകളിലും നിന്നു വ്യക്തമായിരുന്നു. ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികൾക്ക് കടന്നുകളയാൻ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്.

കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ അച്ഛൻ കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. ഷഹ്നയുടെ മാതാവും സഹോദരിയും മാധ്യമങ്ങൾക്കു മുന്നിലടക്കം സ്ത്രീധന പ്രശ്നം ഉന്നയിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്താൻ തയാറായത്.

കരുനാഗപ്പള്ളിയിലെ കോഴിക്കോടുള്ള ഇടയില വീട് പൂട്ടിയ നിലയിൽ. ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ റുവൈസിന്റെ വീടും അത്യാഡംബരത്തിന്റേതാണ്. പൂട്ടിക്കിടക്കുന്ന വീട്ടിന്റെ കാർപോർച്ചിൽ ഇപ്പോഴുള്ളത് സാന്‌ട്രോ കാർ മാത്രം. ഈ കാറിനൊപ്പം ഒരു ബുള്ളറ്റും ഫാസിനോ എന്ന ഇരുചക്ര വാഹനവും ഉണ്ട്. കിയാ സെൽത്തോസ് വണ്ടിയും ഈ വീട്ടിലുണ്ട്. ഈ സെൽത്തോസിലാണ് കുടുംബത്തേയും കൊണ്ട് ഡോ റുവൈസിന്റെ ബാപ്പ അബ്ദുൽ റഷീദ് മുങ്ങിയത്.

സിസിടിവി ദൃശ്യ പരിശോധനയിലൂടെ ഈ കാറിന്റെ യാത്രാ വഴി കണ്ടെത്താവുന്നതേയുള്ളൂ. കോഴിക്കോട്ടെ ഇടയില വീട്ടിൽ ഇപ്പോൾ ആരുമില്ല. പൂട്ടിക്കിടക്കുന്ന ആ വീടിനെ കുറിച്ച് നാട്ടുകാർക്കും പലവിധ അഭിപ്രായങ്ങളുണ്ട്.

ഇടയില വീട്ടിൽ നിന്നാണ് ഡോ റുവൈസിനെ പൊലീസ് പിടികൂടിയത്. അന്ന് തന്നെ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പും പൊലീസിന് കിട്ടിയിരുന്നു. ഷഹ്നയുടെ വീട്ടുകാർ മൊഴിയും നൽകി. അതുകൊണ്ട് തന്നെ ബാപ്പയും കേസിൽ പ്രതിയാകുമെന്ന് പൊലീസിന് അറിയാമായിരുന്നു. റുവൈസിനൊപ്പം ബാപ്പയേയും അറസ്റ്റു ചെയ്യേണ്ടതായിരുന്നു. എന്നാൽ തൽകാലത്തേക്ക് വിവാദം ഒതുക്കാൻ റുവൈസിനെ മാത്രം അറസ്റ്റു ചെയ്തു പൊലീസ്. ഇടതുപക്ഷ സ്വാധീനമുള്ള പിജി മെഡിക്കൽ അസോസിയേഷൻ നേതാവായ മകനെ രക്ഷിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബാപ്പ പുറത്തു നിന്നു.

എന്നാൽ സ്ഥിതി അതിവേഗം മാറി. ഇതോടെ അറസ്റ്റിലാകുമെന്ന് മനസ്സിലായ അബ്ദുൽ റഷീദും മുങ്ങി. ഭാര്യ ആരിഫയേയും മകൾ ആലിയയേയും കുട്ടിയാണ് കാറിൽ മുങ്ങിയത്. തൃശൂരിലെ ഏതോ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ആലിയ എന്ന് മാത്രമേ നാട്ടുകാർക്ക് അറിയാമായിരുന്നുള്ളൂ.

റുവൈസ് അറസ്റ്റിലായപ്പോൾ ത്‌ന്നെ വീട്ടിന് കാവൽ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ ഈ മുങ്ങൽ ഒഴിവാക്കാമായിരുന്നു. മുൻ പ്രവാസിയായിരുന്ന റഷീദ് കുടുംബ സമേതം വിദേശത്ത് കടക്കാനും സാധ്യതയുണ്ട്. നിലവിൽ ഇവർ കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിവേഗം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയില്ലെങ്കിൽ കുടുംബം നാടു വിടാനും സാധ്യത ഏറെ.