ഇൻഡോർ: ഭർത്താവ് അറിഞ്ഞിട്ടും വിവാഹേതര ബന്ധം തുടരാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹോട്ടൽ ഉടമയേയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ദമ്പതിമാർ ചേർന്ന് ഹോട്ടൽ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലുടമ രവി താക്കൂർ (42) കാമുകി സരിത താക്കൂർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച എയ്‌റോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ മംമ്ത (32), ഭർത്താവ് നിതിൻ പവാർ (35) എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അലോക് കുമാർ ശർമ്മ പറഞ്ഞു. സരിതയുടെ വീട്ടിൽ വച്ച് ഇരുവരെയും ദമ്പതിമാർ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങൾ അഴിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടതെന്നും പൊലീസ് പറഞ്ഞു.

സരിതയാണ് മംമ്തയെ രവിക്ക് പരിചയപ്പെടുത്തിയത്. ഇരുവരും സൗഹൃദത്തിലാകുകയും വിവാഹേതര ബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. മംമ്തയുടെ ഭർത്താവ് നിതിൻ വിവരം അറിഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. എന്നാൽ ബന്ധത്തിൽ നിന്നും പിന്തിരിയാൻ ശ്രമിച്ച മംമ്തയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധം തുടരാൻ രവി നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും നിതിനുമായി ചേർന്ന് സരിതയെ ആദ്യം കൊലപ്പെടുത്തുകയും തുടർന്ന് വീട്ടിലേക്കെത്തിയ ഹോട്ടലുടമയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ഒരു വാളും കത്തിയും പൊലീസ് കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.