- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറ്റനാട് മദ്രസയിലേക്ക് പോയ ബാലികയെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കൈയിൽ പിടിച്ച് വലിച്ചു; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം: കുറ്റനാട് മല റോഡിന് സമീപം മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതായി പരാതി. വട്ടേനാട് എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ആണ് തട്ടിക്കൊണ്ട് പോവാൻ ശ്രമം നടത്തിയത്. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമം നടത്തിയത്. സംഭവത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ച് തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
മല റോഡ് പരിസരത്തെ അജ്മീരിയ മദ്രസയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഐഷാ നൈന കാലത്ത് ആറേ മുക്കാലോടെ മദ്ദ്രസയിലേക്ക് പോകും വഴി കാർ സമീപത്ത് നിർത്തുകയും കൊണ്ടാക്കിത്തരാം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യം നിരസിച്ചതോടെ ഡോർ തുറന്ന് ഒരു വനിത കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
പെൺകുട്ടി കുതറി മാറിയതോടെ കാർ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ തൃത്താല പൊലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് വെള്ള നിറത്തിലുള്ള ഒരു കാർ പുലർച്ചെ മുതൽ പാർക്ക് ചെയ്തിരുന്നതായി സമീപത്തെ വീട്ടുകാർ പറഞ്ഞു. പള്ളിയിൽ പുലർക്കാല നമസ്‌കാരത്തിന് പോയ പ്രദേശവാസിയും ഇത്തരത്തിൽ ഒരു കാർ പാർക്ക് ചെയ്തിരുന്നതായി പറഞ്ഞു.
മകളെ കോളേജിലേക്ക് ബസ് കയറ്റാൻ പോയ കുട്ടിയുടെ മാതാവും ഇത്തരത്തിൽ വെള്ള നിറത്തിലുള്ള കാർ സംഭവം നടന്ന ഭാഗത്തോട് ചേർന്ന് നിർത്തിയിട്ടിരുന്നതായി കണ്ടിരുന്നു. മറ്റ് സംശയങ്ങൾ ഒന്നും തോന്നാതിരുന്നതിനാൽ ഇക്കാര്യത്തിൽ ആരും കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നില്ല. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ഊർജിതമാക്കി.
മറുനാടന് മലയാളി ബ്യൂറോ