കോഴിക്കോട്: കോടഞ്ചേരിയിൽ കോളേജ് വിദ്യാർത്ഥിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ട്.

നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകൻ നിതിൻ തങ്കച്ചനെ (25) തിങ്കളാഴ്ച വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി കണ്ണോത്ത് കൈപ്പുറം സ്വദേശി അഭിജിത്ത് ആണ് ആദ്യം പിടിയിലായത്. പിന്നീട് തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ് അഫ്സൽ, മുക്കം മലാംകുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളും കുറ്റകൃത്യത്തിൽ പങ്കാളിയാണ്. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് മൂവരും. മൂന്നാമത്തെയാൾ പതിനേഴ് വയസ്സുകാരനാണ്.

നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച മുതൽ നിതിനെ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കൾ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും നിതിന്റെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.