കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഭർത്താവ് ഹബീബിന്റെ ബന്ധുക്കളെ പ്രതി ചേർത്ത് അന്വേഷണ സംഘം. ഷബ്‌നയുടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവർ നിലവിൽ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഷബ്‌നയുടെ മകളുടെ മൊഴിയാണ് ഇവരെ പ്രതി ചേർക്കുന്നതിൽ നിർണായകമായത്. ഡിവൈഎസ്‌പി ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കൾക്ക് പൊലീസ് ഉറപ്പു നൽകുകയായിരുന്നു. കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘം എസ്‌പിയെ കണ്ടിരുന്നു.

നിലവിൽ കേസിൽ ഷബ്‌നയുടെ ഭർത്താവിന്റെ അമ്മാവൻ ഹനീഫ നിലവിൽ റിമാൻഡിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്‌പി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്.

ഉപ്പയുടെ അമ്മാവൻ ഹനീഫ ഉമ്മയെ മർദിച്ചിരുന്നു എന്ന് ഷബ്‌നയുടെ പത്തുവയസ്സുകാരിയായ മകളുടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വന്തം വീട് എടുക്കണമെന്ന് പറഞ്ഞപ്പോഴാണ് മർദിച്ചത്. ഉമ്മയോട് ഹനീഫ മോശമായി സംസാരിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് മുറിയിലേക്ക് പോയി ഉമ്മ വാതിലടച്ചതെന്നും മകൾ പറഞ്ഞിരുന്നു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ട് വീട്ടിലുള്ളവരോട് കാര്യം പറഞ്ഞിരുന്നു. ആരും മുകളിലേക്ക് വരികയോ വാതിൽ തുറക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും ഷബ്‌നയുടെ മകൾ പറയുന്നു.

തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന (30) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭർത്താവിന്റെ ബന്ധു ഷബ്‌നയെ മർദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളിൽപ്പോയ ഷബ്‌ന പുറത്തുവരാതിരുന്നിട്ടും വീട്ടുകാർ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യം അടക്കം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ഷബ്‌നയുടെ ഭർത്താവ് ഹബീബ് വിദേശത്താണ്. ഭർത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്ന് ഷബ്‌ന വീടുമാറാൻ തീരുമാനിക്കുകയും വിവാഹസമയത്ത് നൽകിയ സ്വർണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് തിങ്കളാഴ്ച തർക്കം നടന്നത്. ഭർത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരൻ കൈയോങ്ങിക്കൊണ്ട് ഷബ്‌നയ്ക്കുനേരെ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷബ്‌ന മുറിയിൽക്കയറി വാതിലടച്ചത്.

വീട്ടിൽ എന്തോ പ്രശ്‌നമുണ്ടെന്ന് ഷബ്‌നയുടെ ഭർത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അരൂരിൽനിന്ന് കുന്നുമ്മക്കരയിൽ എത്തിയശേഷമാണ് വാതിൽ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷബ്‌ന മരിച്ചിരുന്നു. കൊലപാതകത്തിനു തുല്യമായ അനാസ്ഥയാണ് വീട്ടുകാർ കാണിച്ചതെന്നാണ് ഷബ്‌നയുടെ ബന്ധുക്കളുടെ ആരോപണം.

ഇതിനിടെ, കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിർദേശിച്ചു.വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടും.ഷബ്നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിർദേശിച്ചു.

കേസിൽ ഷബ്‌നയെ മർദിച്ച ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലെ പൊലീസ് തയ്യാറാകുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ വിമർശനം, ദൃക്‌സാക്ഷിയായ മകൾ മൊഴി നൽകിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന കുടുംബം, ഇനിയൊരു ഷബ്ന ആവർത്തിക്കരുതെന്നും പറയുന്നു. ഷബ്‌നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നൽകിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അറിയിച്ചിരുന്നു.