- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ അയ്യായിരം രൂപ ആവശ്യപ്പെട്ടു; ബുദ്ധിമുട്ട് പറഞ്ഞതോടെ 2,500 രൂപ വേണമെന്നായി; ആയിരം കൈമാറിയിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല; 1500 രൂപ വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് കോർപറേഷൻ ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോർപ്പറേഷനിലെ കാരപ്പറമ്പ് ഹെൽത്ത് ഇൻസ്‌പെക്ടറായ പെരുമ്പൊയിൽ കമലം ഹൗസൽ പി.എം. ഷാജിയെ 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ മുറ്റിച്ചിറ സ്വദേശിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിൽ ഒരു പലവ്യഞ്ജന കട തുടങ്ങാനുള്ള ലൈസൻസിനായി ഒരു മാസം മുമ്പാണ് കോഴിക്കോട് കോർപ്പറേഷനിൽ അപേക്ഷ കൊടുത്തത്.
മലപ്പുറം സ്വദേശി ഹാഫിൽ അഹമ്മദ് ആരംഭിക്കാനിരിക്കുന്ന സ്ഥാപനത്തിന് ഡി ആൻഡ് ഒ ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ ഇയാൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 2,500 രൂപ വേണമെന്നായി ഉദ്യോഗസ്ഥൻ. തുടർന്ന് 1,000 രൂപ നൽകി. ബാക്കി 1,500 രൂപ ചൊവ്വാഴ്ച കാരപ്പറമ്പിലെ ഹെൽത് ഓഫിസിൽ എത്തിക്കാൻ ആവശ്യപ്പെട്ടതോടെ ഷാജിക്കെതിരെ ഹാഫിൽ കോഴിക്കോട് വിജിലൻസിന് യൂനിറ്റിന് പരാതി നൽകി.
വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞ സമയത്ത് ഓഫിസിലെത്തി പണം കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ടുലക്ഷത്തോളം രൂപയും രേഖകളും പിടിച്ചെടുത്തു.
ലൈസൻസ് ശരിയാക്കുന്നതിന് അപേക്ഷ നൽകിയപ്പോൾ കൈക്കൂലി തരണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി ആവശ്യപ്പെട്ടിരുന്നു. നവംബർ മാസം 22-ാം തിയതി ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി പരാതിക്കാരനെ ഫോണിൽ വിളിച്ച് ലൈസൻസ് ശരിയാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടർന്ന് പരാതിക്കാരൻ തന്റെ കയ്യിൽ ഇത്രയും കൈക്കൂലി നൽകാനില്ലായെന്നും, സാമ്പത്തിക ബുദ്ധിമുട്ടാണെന്നും അറിയിച്ചതിനെ തുടർന്നാണ് കൈക്കൂലി തുക 2,500 രൂപയായി കുറച്ചുനൽകിയത്. ഇന്നലെ വൈകുന്നേരം ലൈസൻസ് കിട്ടാനായി ഹെൽത്ത് ഇൻസ്‌പെക്ടറെവീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ രൂപയുമായി ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു.
തുടർന്ന്പരാതിക്കാരൻ ഈ വിവരം വിജിലൻസ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽകുമാർ ഇ-യെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരനിൽ നിന്നും 1,500 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കൈക്കൂലി കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ട്. അറസ്റ്റിലായ ഷാജി നിരന്തരം കൈക്കൂലി വാങ്ങുന്നയാളാണെന്ന പരാതി നേരത്തെയും വിജിലൻസിന് ലഭിച്ചിരുന്നു.
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി-യെ കൂടാതെ പൊലീസ് ഇൻസ്‌പെക്ടറായ രാജേഷ്, മൃദുൽ കുമാർ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സുനിൽ, രാധാകൃഷ്ണൻ, ഹരീഷ് കുമാർ എന്നിവരും അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ അനിൽകുമാർ, പൊലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ധനേഷ്, ഷൈജിത്ത്, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ