ഭുവനേശ്വർ: പ്രസവിച്ചതിന് പിന്നാലെ ആരോ കുഴൽക്കിണറിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു. ഒഡീഷയിലെ സംബൽപുരിലെ കുഴൽക്കിണറിൽ നിന്നാണ് പിഞ്ചുകുഞ്ഞിനെ പുറത്തെടുത്തത്. കുഴൽക്കിണറിലേക്ക് ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി ചൂടു മെത്തയായപ്പോൾ കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടുക ആയിരുന്നു. 100 വാട്ടിന്റെ ബൾബ് ഇൻകുബേറ്ററിലെന്നതുപോലെ ഈ കുപ്പി കുഞ്ഞിന് ചൂടു നൽകി.

ഇതോടെ ഒരുതരി വസ്ത്രം പോലും ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞ് മരണത്തിൽ നിന്നു രക്ഷാപ്രവർത്തകരുടെ കരങ്ങളിലേയ്ക്കു പുനർജനിച്ചു. റെങ്ഗാളി മേഖലയിലെ ലാറിപാളി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ നിന്നാണ് കുഞ്ഞിെ പുറത്തെടുത്തത്. വൈകിട്ട് 3.30നാണു ഗ്രാമവാസികൾ ശിശുവിന്റെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ ഇവർ ഈ വിവരം അഗ്‌നിരക്ഷാസേനയും ഒഡീഷ ദുരന്തനിവാരണസേനയും അറിയിച്ചു. സേനാംഗങ്ങൾ ഒരു നിമിഷം പോലും പാഴാക്കാതെ സ്ഥലത്തെത്തി.

കിണറിന് 20 അടി താഴ്ച മാത്രമേയുള്ളു എന്നതു പ്രതീക്ഷ നൽകി. പ്രത്യേക വിമാനത്തിലെത്തിച്ച ക്യാമറ ഇറക്കി നോക്കിയപ്പോഴാണ് അടിത്തട്ടിൽ കുപ്പിച്ചിലുകളിൽ വീഴാതെ ഒരു പ്ലാസ്റ്റിക് കുപ്പിക്കു മുകളിൽ സുരക്ഷിതമായാണ് അവൾ കിടക്കുന്നതെന്നു മനസ്സിലായത്. 12 ഡിഗ്രിയായിരുന്നു അന്തരീക്ഷ ഊഷ്മാവ്. വസ്ത്രങ്ങൾ പോലുമില്ലാതെ നവജാതശിശുവിന് ഈ തണുപ്പിൽ ഇരുമ്പുപൈപ്പിനുള്ളിൽ ഏറെ നേരം ജീവിക്കാൻ കഴിയില്ല.

ഇൻകുബേറ്ററിൽ ഉപയോഗിക്കുന്നതരം 100 വാട്ടിന്റെ ബൾബ് കിണറ്റിനുള്ളിലേക്ക് ഇറക്കി ചൂടും പ്രകാശവും നൽകി. ഏറെ നേരം നിശ്ശബ്ദമായിരുന്ന കുഞ്ഞ് ചൂട് ലഭിച്ചതോടെ കരയാൻ തുടങ്ങിയതു പ്രതീക്ഷയായി. 5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുമ്പുപൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ പ്രദേശത്ത് കഴിഞ്ഞദിവസം അജ്ഞാത സ്ത്രീയെ കണ്ടിരുന്നുവെന്നും ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചതാവാമെന്നും ഗ്രാമവാസികൾ പറഞ്ഞു.